ഒ രക്തഗ്രൂപ്പുള്ളവരെ കോവിഡ് 19 വൈറസ് ബാധിക്കാന്‍ സാധ്യത കുറവെന്ന് പുതിയ പഠനം. കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന രണ്ട് പഠനത്തിലാണ് കോവിഡ് ബാധയും രക്തഗ്രൂപ്പും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഒ ബ്ലഡ് ഗ്രൂപ്പുകാരെ കോവിഡ് ബാധിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് പഠനങ്ങള്‍ പറയുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
മറ്റ് രക്തഗ്രൂപ്പുകാരെ വെച്ച് നോക്കുമ്പോള്‍ ഒ ബ്ലഡ് ഗ്രൂപ്പുകാരെ വൈറസ് ബാധിക്കാനുള്ള സാധ്യത താരതമ്യേന കുറവാണെന്നും എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ഡെന്‍മാര്‍ക്കില്‍ കോവിഡ് പോസിറ്റീവ് ആയ 7,422 പേരില്‍ നടത്തിയ പഠനമനുസരിച്ച് ഇവരില്‍ 34.4 ശതമാനം പേര്‍ മാത്രമാണ് ഒ രക്ത ഗ്രൂപ്പിലുള്ളവര്‍.
എന്നാല്‍ 44.4 ശതമാനം പേര്‍ എ രക്തഗ്രൂപ്പുകാരാണ്. മൊത്തം ജനസംഖ്യയില്‍ പരിശോധിക്കപ്പെട്ട 62% ആളുകളുടെ രക്തഗ്രൂപ്പ് വിവരങ്ങള്‍ മാത്രമാണ് ലഭ്യമായത്. അതിനാല്‍ പഠനത്തിലെ കണ്ടെത്തലുകള്‍ പരിമിതമാണെന്ന് ഗവേഷകര്‍ പറയുന്നു.
കാനഡയില്‍ ഗുരുതരമായി കോവിഡ് ബാധിച്ച് 95 പേരെയാണ് പഠനവിധേയമാക്കിയത്. ഇവരില്‍ 84 ശതമാനം പേരും എ രക്തഗ്രൂപ്പുകാരോ, എ.ബി രക്തഗ്രൂപ്പിലുള്ളവരോ ആണ്. മാത്രമല്ല, ഈ രക്ത ഗ്രൂപ്പുകാര്‍ ഒ ഗ്രൂപ്പുകാരെ അപേക്ഷിച്ച് കൂടുതല്‍ ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടിവന്നുവെന്നും പഠനത്തിലുണ്ട്.
‘സാധ്യത കുറവാണ് എന്ന് പറയുമ്പോള്‍ രോഗം വരില്ല എന്നല്ല, രോഗം ബാധിക്കാനുള്ള സാധ്യത നേരിയ തോതില്‍ കുറവാണ് എന്നാണ് അര്‍ത്ഥം.’ എന്ന് വിസ്‌കോസിന്‍ മെഡിക്കല്‍ കോളേജിലെ ഡോ റോയ് സില്‍വര്‍സ്‌റ്റൈന്‍ പറയുന്നു . അമേരിക്കന്‍ സൊസൈറ്റി ഓഫ് ഹെമറ്റോളജിയുടെ മുന്‍ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
ചികിത്സിക്കുമ്പോള്‍ രോഗിയുടെ രക്ത ഗ്രൂപ്പ് ഒ ആണോ, എ ആണോയെന്നുള്ളത് പരിഗണിക്കില്ല. പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ചികിത്സയ്ക്ക് മാറ്റം വരുത്തില്ലെന്നും സില്‍വര്‍സ്‌റ്റൈന്‍ പറഞ്ഞു. എ ഗ്രൂപ്പുകാര്‍ പേടിക്കേണ്ട കാര്യമില്ലെന്നും, ഒ ഗ്രൂപ്പുകാര്‍ തങ്ങള്‍ പേടിക്കേണ്ട കാര്യമില്ലെന്ന് കരുതി പുറത്തിറങ്ങി നടക്കരുതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ നിലവില്‍ സ്വീകരിക്കുന്ന എല്ലാ മുന്‍കരുതലുകളും തുടര്‍ന്നും സ്വീകരിക്കണമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post