വാഷിങ്ടണ്‍: പരീക്ഷണത്തില്‍ പങ്കെടുത്ത ഒരു വ്യക്തി അസുഖബാധിതനായതിനെ തുടര്‍ന്ന് കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ പരീക്ഷണം തല്ക്കാലത്തേക്ക് നിര്‍ത്തിവെച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. യുഎസ്, അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, മെക്‌സികോ, പെറു, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലാണ് ക്ലിനിക്കല്‍ പരീക്ഷണം നടന്നിരുന്നത്.
‘പരീക്ഷണത്തില്‍ പങ്കെടുത്ത ഒരു വ്യക്തി അസുഖബാധിതനായതിനെ തുടര്‍ന്ന് മൂന്നാംഘട്ട എന്‍സെബിള്‍ ട്രയല്‍ ഉള്‍പ്പടെ കോവിഡ് 19 വാക്‌സിന്റെ എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും ഞങ്ങള്‍ താല്ക്കാലികമായി നിര്ത്തിവെക്കുകയാണ്.’ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഗുരുതരമായ പ്രതികൂല സംഭവങ്ങള്‍ ഒരു ക്ലിനിക്കല്‍ പഠനത്തിന്റെ, പ്രത്യേകിച്ച് ഒരു വലിയ പഠനത്തിന്റെ പ്രതീക്ഷിത ഭാഗമാണെന്ന് ജെആന്‍ഡ്‌ജെ പറഞ്ഞു. സെപ്റ്റംബര്‍ അവസാനത്തോടെയാണ് കോവിഡ് 19 വാക്‌സിന്‍ മൂന്നാംഘട്ട ട്രയലില്‍ പങ്കെടുക്കുന്നതിനായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അംഗങ്ങളെ ചേര്‍ത്തുതുടങ്ങിയത്.
യു.എസിലെ 200 നിര്‍ദിഷ്ടസ്ഥലങ്ങളില്‍ നിന്നുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 60,000 വൊളണ്ടിയര്‍മാരെ അംഗങ്ങളാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പരീക്ഷണം താല്ക്കാലികമായി നിര്‍ത്തിയതോടെ ഓണ്‍ലൈന്‍ എന്റോള്‍മെന്റ് സിസ്റ്റം അടച്ചു.
Discussion about this post