ബ്രിസ്ബെയ്ൻ: കറൻസി നോട്ടുകൾ, മൊബൈൽ ഫോൺ, ഗ്ലാസ് തുടങ്ങിയ വസ്തുക്കളിൽ കൊറോണ വൈറസിന് 28 ദിവസം വരെ നിലനിൽക്കാനാകുമെന്ന് പഠനം. ഓസ്ട്രേലിയയിലെ നാഷണൽ സയൻസ് ഏജൻസി (സിഎസ്ഐആർഒ) യുടേതാണ് പഠനം. കൊറോണ വൈറസിന് ഒരു വസ്തുവിന്റെ ഉപരിതലത്തിൽ എത്രനേരം നിലനിൽക്കാൻ സാധിക്കും എന്നറിയുന്നതിന് വേണ്ടി സിഎസ്ഐആർഒയിലെ ഗവേഷകർ ഇരുട്ടിൽ മൂന്നുതാപനിലകളിലാണ് പരീക്ഷണം നടത്തിയത്.
ചൂട് കൂടുന്നതിന് അനുസരിച്ച് വൈറസിന്റെ അതിജീവന കാലയളവും കുറയുമെന്നാണ് പഠനം. മൊബൈൽ ഫോൺ സ്ക്രീൻ ഗ്ലാസ്, സ്റ്റീൽ, പ്ലാസ്റ്റിക്, ബാങ്ക് നോട്ടുകൾ തുടങ്ങിയവയുടെ ഉപരിതലത്തിൽ 20 ഡിഗ്രി സെൽഷ്യസിൽ വൈറസ് 28 ദിവസം വരെ നിലനിൽക്കും. 30 ഡിഗ്രി സെൽഷ്യസിലെത്തിയാൽ വൈറസിന്റെ അതിജീവനം ഏഴുദിവസമായും 40 ഡിഗ്രി സെൽഷ്യസിൽ അത് 24 മണിക്കൂർ ആയും ചുരുങ്ങും. കോട്ടൺ പോലുളള വസ്തുക്കളുടെ പ്രതലങ്ങളിൽ വൈറസ് അനുകൂല താപനിലയിൽ 14 ദിവസം വരെ നിലനിൽക്കുമ്പോൾ ചൂടുകൂടുന്നതിന് അനുസരിച്ച് ഇത് 16 മണിക്കൂറിലേക്ക് കുറയുകയും ചെയ്യും.
മുൻ പഠനങ്ങളിൽ വൈറസിന് ഇത്ര ദീർഘകാലത്തേക്ക് അതിജീവിക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല. ഇത്തരത്തിൽ നിലനിൽക്കുന്ന വൈറസ് അണുബാധയുണ്ടാകുന്നതിന് കാരണമാകുമെന്ന് പറയാനാവില്ലെന്ന് ഓസ്ട്രേലിയൽ സെന്റർ ഫോർ ഡീസിസസ് പ്രിപ്പയേഡ്നെസ്സ് ഡയറക്ടർ ട്രെവർ ഡ്ര്യൂ പറഞ്ഞു. എന്നാൽ ഈ വസ്തുക്കളെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും അവയെ സ്പർശിച്ച ശേഷം കണ്ണുകളിലോ, മൂക്കിലോ, വായിലോ അതേ കൈകൾ കൊണ്ട് സ്പർശിക്കുകയും ചെയ്താൽ വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post