സോള്‍: ലോകത്താകമാനം കോവിഡ് വ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭരണാധികാരി കിം ജോങ് ഉന്‍. ശനിയാഴ്ച നടത്തിയ സൈനിക പരേഡിലാണ് കിമ്മിന്റെ അവകാശവാദം.
പരേഡില്‍ പങ്കെടുത്ത സൈനികരും കാണാനെത്തിയവരും മാസ്‌ക്കണിയാത്തതും ശ്രദ്ധേയമായി. രാജ്യത്ത് കോവിഡ് കേസുകള്‍ ഇല്ലെന്നാണ് ജനുവരി മുതല്‍ കിം ജോങ് ഉന്‍ അവകാശപ്പെടുന്നത്. ഉത്തര കൊറിയയുടെ ഭരണം കയ്യാളുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചായിരുന്നു വമ്പന്‍ പരേഡ്.
ഉത്തര കൊറിയ പുതുതായി വികസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരേഡില്‍ പ്രദര്‍ശിപ്പിച്ചു. യുഎസ് പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ സാധിക്കുന്നതാണ് പുതിയ മിസൈലാണ് ഇതെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം.
2017 ല്‍ ഉത്തര കൊറിയ പരീക്ഷിച്ച, 13000 കി.മി. സഞ്ചാരശേഷിയുള്ള ‘ഹ്വാസോങ്-15’ ആകാം ഇതെന്നാണ് രാജ്യാന്തര സൈനിക വിദ്ഗധരുടെ വിലയിരുത്തല്‍. അതേസമയം, ഹ്വാസോങ് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാകാം ഇതെന്നും നവംബര്‍ നാലിനു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും പുതിയ മിസൈലിന്റെ പരീക്ഷണമെന്നും റിപ്പോര്‍ട്ടുകളുണ്ട് .