ലോക പ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു

വാഷിങ്ടണ്‍: ലോക പ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു. 65 വയസായിരുന്നു. ദീര്‍ഘകാലങ്ങളായി തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് താരം ചികിത്സയിലായിരുന്നു. മകന്‍ വോള്‍ഫ്ഗാംഗാണ് മരണവിവരം ലോകത്തെ അറിയിച്ചത്.

സ്റ്റേജിലും പുറത്തും പിതാവുമായി പങ്കിട്ട ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നുവെന്ന് മകന്‍ ട്വീറ്റ് ചെയ്തു. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, ഈ നഷ്ടത്തില്‍നിന്ന് ഞാന്‍ പൂര്‍ണമായും കരകയറുമെന്ന് കരുതുന്നില്ല. ഞാന്‍ അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുന്നു- വോള്‍ഫ്ഗാംഗ് കുറിച്ചു.

1955 ല്‍ നെതര്‍ലാന്റ്‌സിലെ ആംസ്റ്റര്‍ഡാമിലാണ് എഡ്ഡിയുടെ ജനനം. ജാന്‍ വാന്‍ ഹാലന്‍, യൂജീന ഹാലന്‍ എന്നിവരാണ് മാതാപിതാക്കള്‍. പിതാവ് ജാന്‍ വാന്‍ ഹെലന്‍ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. 1970 കളുടെ തുടക്കത്തില്‍ സഹോദരന്‍ അലക്‌സിനൊപ്പം എഡ്ഡി വാന്‍ ഹാലന്‍ റോക്ക് ബാന്‍ഡ് സ്ഥാപിച്ചു. 1984ല്‍ അമേരിക്കയിലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയ ജംപ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സൃഷ്ടാവ് കൂടിയായിരുന്നു അദ്ദേഹം.

റോളിങ് സ്റ്റോണ്‍ മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ പട്ടികയില്‍ എട്ടാംസ്ഥാനം എഡ്ഡി സ്വന്തമാക്കിയിട്ടുണ്ട്. 2012-ല്‍ വേള്‍ഡ് മാഗസിന്‍, ലോകത്തിലെ ഏറ്റവും മകിച്ച ഗിറ്റാറിസ്റ്റായി എഡ്ഡിയെ തെരഞ്ഞെടുത്തിരുന്നു.

Exit mobile version