ന്യൂയോർക്ക്: കൊവിഡ് രോഗത്തെ പ്രതിരോധിക്കാൻ ആറടി അകലം പാലിച്ചാൽ മാത്രം ഫലമുണ്ടാകില്ലെന്ന് പുതിയ പഠനം. അടിച്ചിട്ട സ്ഥലങ്ങളിലാണ് ആറടി അകലം പാലിക്കുന്നത് ഗുണം ചെയ്യില്ലെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ പഠനം പറയുന്നത്.
അടച്ചിട്ട സ്ഥലത്ത് കോവിഡ് രോഗിയിൽ നിന്നും വായുവിലൂടെ രോഗം പടരാതിരിക്കാൻ ആറടി അകലം മതിയാകില്ല. വായുവിലുണ്ടാകുന്ന ചെറിയ കണികകൾ വഴി രോഗം ആളുകളിലേക്ക് പടരാൻ സാധ്യതയുള്ളതിനാൽ മുമ്പ് നാം സുരക്ഷിതമാണെന്ന് നിശ്ചയിച്ച അകലം മതിയാകില്ലെന്നാണ് തിങ്കളാഴ്ച സിഡിസി അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലോകത്ത് തന്നെ മിക്കരാജ്യങ്ങളും മാർക്കറ്റുകളും സ്‌കൂളുകളും പൂർണ്ണതോതിൽ തുറക്കാനിരിക്കേ പുറത്തുവന്നിരിക്കുന്ന ഈ നിരീക്ഷണം പുതിയ വെല്ലുവിളിയാണ്. മണിക്കൂറുകളോളം വായുവിൽ തങ്ങിനിൽക്കുന്ന വൈറസ് വഴി രോഗം പടരാൻ സാധ്യതയുണ്ടെന്നാണ് ഏജൻസി മുന്നറിയിപ്പ് നൽകുന്നത്. സെക്കൻഡുകൾ മുതൽ മണിക്കൂറുകൾ വരെ വായുസഞ്ചാരമില്ലാത്ത ഇടങ്ങളിൽ വൈറസ് നിലനിൽക്കുമെന്നും ഇവ രണ്ട് മീറ്റർ അകലത്തിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലാണ് ആശങ്കക്ക് ഇടയാക്കുന്നത്. വൈറസ് വായുവിലൂടെ പകരുമെന്നത് സംബന്ധിച്ച് ആദ്യം റിപ്പോർട്ട് നൽകുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത് ഒരാഴ്ച പിന്നിടുന്നതിനിടെയാണ് സിഡിസിയുടെ പുതിയ റിപ്പോർട്ട്.
നിലവിൽ സാമൂഹിക അകലം പാലിക്കുന്നതിനായി ആറടി അല്ലെങ്കിൽ 1.8 മീറ്റർ അകലം പാലിച്ചാണ് ഓഫിസുകളും റസ്‌റ്റോറന്റുകളും കടകളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത് ഇടപഴകുമ്പോൾ ഉണ്ടാകുന്ന രോഗവ്യാപനമാണ് കൂടുതലെന്നും അമേരിക്കൻ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അധികം നേരം അടുത്തിടപഴകുന്നവർക്കാണ് വായുവിലൂടെ രോഗം പടരാൻ കൂടുതൽ സാധ്യത.
ഇക്കഴിഞ്ഞ ജൂലൈയിൽ ലോകാരോഗ്യ സംഘടനയും മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് അംഗീകരിച്ചിരുന്നു. വൈറസ് ബാധിതനായ ഒരാൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തുവരുന്ന സ്രവകണങ്ങളിലൂടെയാണ് രോഗം പ്രധാനമായും പടരുന്നതെന്നായിരുന്നു മുമ്പത്തെ വിലയിരുത്തൽ.