ന്യൂയോര്‍ക്ക്: ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകത്താകമാനം വ്യാപിച്ചിരിക്കുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷങ്ങള്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. ലോകമെമ്പാടും വ്യാപനത്തിനിടയാക്കിയ പുതിയ കൊറോണ വൈറസ് ചൈനയിലെ ലാബില്‍ സൃഷ്ടിച്ചതാണെന്ന് ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് യാന്‍ ആവര്‍ത്തിച്ചു.
ഡോ. യാന്‍ ‘ദ് വീക്ക്’ ന് നല്കിയ അഭിമുഖത്തിലാണ് നേരത്തേ നടത്തിയ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ചത്. ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോങ്ങില്‍ നിന്ന് രക്ഷപ്പെട്ട് ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ കഴിയുകയാണ് ഡോ. യാന്‍. ഈ സത്യം മറച്ചുപിടിക്കാന്‍ ലോകാരോഗ്യ സംഘടനയും ശ്രമിച്ചതായി ഡോ. യാന്‍ പറയുന്നു.
‘എപ്പോള്‍ വേണമെങ്കിലും എനിക്ക് ജീവന് നഷ്ടമാവാം. ഞാന്‍ എന്ന വ്യക്തി അല്ല, സത്യം ആണ് പ്രധാനം’ വിഡിയോ അഭിമുഖത്തില്‍ യാന്‍ പറഞ്ഞു. ”കഴിഞ്ഞ ജനുവരി 19ന് യുട്യൂബ് ചാനല്‍ വഴി പുതിയ കൊറോണ വൈറസ് മനുഷ്യനിര്‍മിതമാണെന്ന് ഞാന്‍ വ്യക്തമാക്കി.
എന്നാല്‍ ചൈനീസ് സര്‍ക്കാരും ലോകാരോഗ്യ സംഘടനയും ശാസ്ത്രസമൂഹവും മാധ്യമങ്ങളും എന്നെ തമസ്കരിക്കാനാണ് ശ്രമിച്ചത്. ഇപ്പോള്‍ ഞാന്‍ പറയുന്നത് അംഗീകരിക്കാന്‍ പ്രമുഖ ശാസ്ത്രജ്ഞരും അമേരിക്കയും മുന്നോട്ടുവന്നിട്ടുണ്ട്”- ഡോ. യാന്‍ പറഞ്ഞു.
വുഹാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ തരം ന്യുമോണിയയെപ്പറ്റി പഠിക്കാന്‍ ഡിസംബര്‍ 31ന് ഹോങ്കോങ് യൂണിവേഴ്സിറ്റി നിയോഗിച്ച സംഘത്തില്‍ അംഗമായിരുന്നു ഡോ. യാന്‍. 40 കേസുകള്‍ അപ്പോള്‍ ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കി.
എന്നാല്‍, ചൈനീസ് സര്‍ക്കാര്‍ സത്യം പുറത്തുവരാതിരിക്കാന്‍ വേണ്ടതെല്ലാം ഉറപ്പുവരുത്തി. മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് വന്നതെന്ന കള്ളം പ്രചരിപ്പിച്ചു. ഹോങ്കോങ് യൂണിവേഴ്സിറ്റിയിലെ പ്രമുഖ വൈറോളജിസ്റ്റായ മാലിക് പെയ്റിസിനും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനത്തിനും വസ്തുതകള്‍ അറിയാമായിരുന്നു.
എങ്കിലും ചൈനീസ് സര്‍ക്കാരുമായുള്ള അടുത്ത ബന്ധം കാരണം അവര്‍ വസ്തുതകള്‍ പുറത്തുവിട്ടില്ലെന്നു ഡോ. യാന്‍ ആരോപിച്ചു. ലോകാരോഗ്യ സംഘടനയ്ക്കു പണം നല്‍കില്ലെന്ന അമേരിക്കന്‍ നിലപാട് ശരിയാണെന്നാണ് ഡോ. യാന്റെ പക്ഷം. ഒട്ടേറെ തവണ അവരുടെ പ്രതിനിധികള്‍ ചൈന സന്ദര്‍ശിച്ചെങ്കിലും മഹാമാരി പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളിലെത്തി തെളിവു ശേഖരിക്കാന്‍ അവര്‍ തയാറായില്ല.
മാരക വൈറസിനെപ്പറ്റിയുള്ള പഠനങ്ങളെ ചൈന തടസ്സപ്പെടുത്തുകയാണ്. ജീവഭയം മൂലമാണ് ഹോങ്കോങ്ങിലെ യൂണിവേഴ്സിറ്റി അധികൃതരെയോ ചൈനീസ് സര്‍ക്കാരിനെയോ കണ്ടെത്തലുകള്‍ അറിയിക്കാതിരുന്നതെന്നും യാന്‍ പറഞ്ഞു.
Discussion about this post