വാഷിങ്ടണ്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രോഗമുക്തനായി എന്ന് അവകാശപ്പെട്ട് ആശുപത്രി വിട്ടു. തന്റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും, ആശുപത്രി വിടുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ട്രംപ് കോവിഡ് മുക്തനായില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.
കോവിഡ് ചികിത്സയിലിരിക്കെ ആശുപത്രിക്കു പുറത്തിറങ്ങി ട്രംപ് റോഡ് ഷോ നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ വ്യാപകമായി രൂക്ഷവിമര്‍ശനമാണ് ട്രംപിനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് രോഗമുക്തനായെന്ന് പറഞ്ഞ് ട്രംപ് ആശുപത്രി വിട്ടത്.
അദ്ദേഹം വൈറ്റ്ഹൗസിലേക്ക് മടങ്ങി. കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലുള്ളവര്ക്കു നല്കുന്ന മരുന്നുകള്‍ ട്രംപിനു നല്‍കിയതായി ഡോക്ടര്‍മാരുടെ പ്രസ്താവനകളില്‍ സൂചനയുണ്ടായിരുന്നു. ആശുപത്രി വാസം മടുത്ത ട്രംപ് എത്രയും വേഗം വൈറ്റ് ഹൗസില്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വാള്‍ട്ടര്‍ റീഡ് ആശുപത്രിക്കു മുന്നില്‍ കൂടിയ അനുയായികള്‍ക്കു നന്ദി പറയാനായി ‘ഞാനിതാ വരുന്നു’വെന്ന് വിഡിയോയില്‍ പറഞ്ഞതിനു ശേഷം എസ്യുവിയില് കനത്ത സുരക്ഷാസാഹങ്ങളോടെയാണ് ട്രംപ് റോഡ് ഷോയ്ക്ക് എത്തിയത്. മുന്നിലെ വഴിയിലൂടെ പ്രസിഡന്റിന്റെ വാഹനവ്യൂഹം കടന്നു പോകുമ്പോള്‍ റിപ്പബ്ലിക്കന്‍ അണികള്‍ ആര്‍ത്തുവിളിച്ചു.
മാസ്ക് ധരിച്ചു പിന്‍സീറ്റിലിരുന്ന ട്രംപ് എല്ലാവരെയും കൈവീശിക്കാണിച്ചു. നവംബര്‍ 3നു പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, വോട്ടഭ്യര്‍ഥനയുമായി ഇന്നലെ ട്വിറ്ററിലും അദ്ദേഹം സജീവമായി. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അടുത്ത സംവാദത്തിന് ട്രംപ് ഉണ്ടാകുമെന്നു തന്നെയാണ് സൂചന.
Discussion about this post