സ്റ്റോക്ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ഹെപ്പറ്ററ്റിസ് സി വൈറസിനെ കണ്ടെത്തിയ മൂന്നു ഗവേഷകർ പങ്കിട്ടു. ഹാർവേ ജെ ആൾട്ടർ, മൈക്കേൽ ഹൗട്ടൺ, ചാൾസ് എം റൈസ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് ആണ് വൈദ്യശാസ്ത്ര രംഗത്തെ നോബേൽ ജേതാക്കളെ കണ്ടെത്തുന്നത്. സ്വർണ്ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണർ തുകയും (1,118,000 യുഎസ് ഡോളർ) ആണ് പുരസ്കാരം.
ഹാർവേ ജെ ആൾട്ടർ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലാണ് പ്രവർത്തിക്കുന്നത്. ബ്രിട്ടീഷുകാരനായ മൈക്കേൽ ഹൗട്ടൺ കാനഡയിലെ ആൽബെർട്ട സർവകലാശാലയിൽ ഗവേഷകനാണ്. ചാൾസ് എം റൈസ് അമേരിക്കയിലെ റോക്കെഫെല്ലർ സർവകലാശാലയിലെ ഗവേഷകനാണ്.
ഹെപ്പറ്റൈറ്റിസ് എ, ബി വൈറസുകളെ കണ്ടെത്തിയിരുന്നെങ്കിലും രക്തവുമായി ബന്ധപ്പെട്ട ഹെപ്പറ്റൈറ്റിസ് ബാധ വിശദീകരിക്കപ്പെടാതെ തുടരുകയായിരുന്നു. ഈ ഗവേഷകർ നടത്തിയ മൗലികമായ കണ്ടെത്തലുകൾ ഹെപ്പറ്റൈറ്റിസ് സി വൈറസിനെ തിരിച്ചറിയുന്നതിനും പരിശോധനാ മാർഗങ്ങളും മരുന്നുകളും കണ്ടെത്തുന്നതിനും നിർണായകമായതായി പുരസ്കാര സമിതി വിലയിരുത്തി.
Discussion about this post