സിഎന്‍എന്‍ ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; കെട്ടിടം ഒഴിപ്പിച്ചു, സമീപ പ്രദേശങ്ങളും കെട്ടിടവും കനത്ത സുരക്ഷയില്‍

അപകടകരമായ ഒന്നും ഇതുവരെ കണ്ടെത്തിയില്ല.

ന്യൂയോര്‍ക്ക്: സിഎന്‍എന്‍ ചാനലിന്റെ ആസ്ഥാനത്ത് വീണ്ടും ബോംബ് ഭിഷണി. ഇതേ തുടര്‍ന്ന് കെട്ടിടം ഒഴിപ്പിച്ചു. ബോംബ് ഭീഷണി ഉണ്ടെന്നും എല്ലാവരും ഉടന്‍ മാറണമെന്നും ഇന്നലെ അര്‍ധരാത്രിയോട് അടുപ്പിച്ചാണ് പൊലീസ് അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ഫയര്‍ അലാം വച്ച് ഓഫീസില്‍ നിന്ന് ജീവനക്കാരെ ഉള്‍പ്പെടെ എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും അപകടകരമായ ഒന്നും ഇതുവരെ കണ്ടെത്തിയില്ല. എങ്കിലും ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും സമീപപ്രദേശങ്ങളും പൊലീസിന്റെ കനത്ത സുരക്ഷയിലാണ്. ഓഫീസില്‍ നിന്ന് മാറേണ്ടിവന്നെങ്കിലും സ്‌കൈപ്പിലൂടെ ചാനല്‍ സംപ്രേഷണം തുടര്‍ന്നു. ബോംബ് ഭീഷണിയെ തുടര്‍ന്ന് മാറേണ്ടിവന്നതാണെന്ന് ചാനല്‍ അവതാരകര്‍ തന്നെ സ്‌കൈപ്പിലൂടെ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഒക്ടോബറിലും സമാനമായ രീതിയില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് സംപ്രേഷണം നിര്‍ത്തിവച്ച് കെട്ടിടം ഒഴിപ്പിച്ചിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെയും മുന്‍ വിദേശകാര്യ സെക്രട്ടറിയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹിലരി ക്ലിന്റണിന്റെയും ഓഫീസുകളില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു സിഎന്‍എന്‍ ആസ്ഥാനത്തും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. തത്സമയ സംപ്രേഷണം നിര്‍ത്തിവച്ച് അന്നും കെട്ടിടം ഒഴിപ്പിച്ചിരുന്നു.

Exit mobile version