ലോകത്തിന്റെ എല്ലാ കോണുകളും, ചെറു വഴികള്‍ പോലും ഗൂഗിള്‍ മാപ്പ് കാണിച്ചു തരും. എന്നാല്‍ ചില രഹസ്യമായ സ്ഥലങ്ങള്‍ അവര്‍ നിങ്ങളെ കാണാന്‍ അനുവദിക്കില്ല. ചില ദുരൂഹ ദ്വീപുകള്‍ മിലിട്ടറി ബേസുകള്‍, തുടങ്ങി സ്റ്റോക്ക്‌ടോണ്‍ഓണ്‍ടീസിലെ ഒരു വീടുവരെയാണ് ആ പട്ടികയില്‍ പെടുന്നത്.
മോറുറോവ, ഫ്രഞ്ച് പോളിനേഷ്യ
മോറുറോവ, ദക്ഷിണ പസിഫിക് സമുദ്രത്തിലെ ഒരു കുഞ്ഞന്‍ പവിഴദ്വീപാണ്. എന്തുകൊണ്ടാണ് ഈ ദ്വീപിനെ ഗൂഗിള്‍ മാപ്പില്‍ സെന്‍സര്‍ ചെയ്തിരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പക്ഷേ, ഈ ദ്വീപിന്റെ ആണവ ചരിത്രവുമായി ബന്ധപ്പെട്ടാകാം ഇതെന്ന് ഒരു പരിധിവരെ സംശയിക്കാം. 1966 മുതല്‍ 1996 വരെ ഫ്രാന്‍സിന്റെ ആണവ പരീക്ഷണ കേന്ദ്രമായിരുന്നു ഇവിടം. ഈ കാലയളവില്‍ 181 ആണവ പരീക്ഷണങ്ങളാണ് ഇവിടെ നടത്തിയത്.
2207 സേയ്മൗര്‍ അവന്യൂ ഓഹിയോ
യുഎസില്‍, ഓഹിയോയിലെ ക്ലെവ്‌ലാന്‍ഡില്‍ 20022004 കാലഘട്ടത്തില്‍ നടന്ന കുപ്രസിദ്ധമായ ഏരിയല്‍ കാസ്‌ട്രോ തട്ടിക്കൊണ്ടു പോകലുകളുടെ പേരിലാണ് ഈ വീട് അറിയപ്പെടുന്നത്. ഈ വീടും നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പില്‍ കാണാന്‍ സാധിക്കില്ല. മൂന്ന് യുവതികളെ കാസ്‌ട്രോ എന്നയാള്‍ തട്ടിക്കൊണ്ടുവരികയും ഈ വീട്ടില്‍ ബന്ധിയാക്കുകയും ചെയ്യുകയായിരുന്നു. 2013 വരെ ഇവര്‍ തടവില്‍ തുടര്‍ന്നു. ഒടുവില്‍ ഇവിടെ നിന്നും രക്ഷപ്പെട്ട ഒരു യുവതി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 1000 ത്തിലേറെ വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കാസ്‌ട്രോ, ശിക്ഷിക്കപ്പെട്ട് ഒരു മാസത്തിനകം തൂങ്ങി മരിക്കുകയായിരുന്നു.
സ്റ്റോക്ക്‌ടോണ്‍ഓണ്‍ടീസിലെ ഒരു വീട്
വടക്കന്‍ ഇംഗ്ലണ്ടില്‍ സ്റ്റോക്ക്‌ടോണ്‍ഓണ്‍ടീസിലെ പ്രിന്‍സ്‌പോര്‍ട്ട് റോഡിലെ വീട് എന്തിനാണ് മറച്ചിരിക്കുന്നതെന്ന് യഥാര്‍ഥത്തില്‍ വ്യക്തമല്ല. സ്ഥലവാസിയായ ജെയ്ന്‍ അലിസന് പോലും ഇതേപ്പറ്റി യാതൊരു ഐഡിയയുമില്ല. 2000 മുതല്‍ താന്‍ ഈ വീട് കാണുന്നുണ്ടെന്നും നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് ഇത് കാണാന്‍ കഴിയാത്തത് എന്നറിയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
തായ്‌വാന്‍ എയര്‍ഫോഴ്‌സ് ബേസ്
യഥാര്‍ഥത്തില്‍ ഗൂഗിള്‍ മാപ്‌സില്‍ ബ്ലര്‍ ചെയ്തിട്ടില്ല. അതേസമയം, ഈ ലൊക്കേഷന്‍ സൂം ചെയ്യാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ കിഴക്ക് ഭാഗത്തുള്ള റോഡില്‍ തട്ടിനില്‍ക്കും. ഇതില്‍ വലിയ അദ്ഭുതമൊന്നുമില്ല, സാധാരണയായി സൈനിക താവളങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ മറയ്ക്കാറുണ്ട്.
ജീനെറ്റ് ഐലന്‍ഡ്
കിഴക്കന്‍ സൈബീരിയന്‍ കടലിലെ ഒരു കുഞ്ഞന്‍ ദ്വീപാണ് ജീനെറ്റ് ഐലന്‍ഡ്. വെറും രണ്ട് കിലോമീറ്റര്‍ മാത്രമാണ് നീളം. പ്രധാനമായും ഐസിനാല്‍ മൂടപ്പെട്ടിരിക്കുന്ന ഈ ദ്വീപിന്റെ മധ്യഭാഗത്തിന് 350 മീറ്റര്‍ ഉയരമുണ്ട്. ഈ ദ്വീപും എന്തിനാണ് മറച്ചിരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ ദ്വീപിന്റെ അവകാശത്തെച്ചൊല്ലി റഷ്യയും അമേരിക്കയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഗ്രീക്ക് മിലിട്ടറി ബേസ്
ഏതന്‍സിലെ ഈ സൈനിക താവളം പൂര്‍ണമായും പിക്‌സലേറ്റ് ചെയ്തിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തിരിക്കുന്നത് എന്നതിന് വിശദീകരണം ഇല്ലെങ്കിലും സ്വാഭാവികമായും ഇത്തരത്തില്‍ ബ്ലര്‍ ചെയ്തിരിക്കുന്നത് ദേശ സുരക്ഷയെ മുന്‍നിര്‍ത്തിയാണെന്ന് അനുമാനിക്കാം.
ഫ്രഞ്ച് ന്യൂക്ലിയര്‍ ഫെസിലിറ്റി
ഫ്രാന്‍സിലെ ഒറാനോ ലാ ഹേഗിലുള്ള ഈ ആണവ ഇന്ധന പുഃനസംസ്‌കരണ കേന്ദ്രം ഏതാണ്ട് പൂര്‍ണമായും ബ്ലര്‍ ചെയ്തിട്ടുണ്ട്. 1976 ല്‍ തുറന്ന ഈ കേന്ദ്രത്തില്‍ ലോകത്തിലെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആണവ ഇന്ധനം സംസ്‌കരിക്കുന്നുണ്ട്.
പോളിഷ് സ്‌പെഷ്യല്‍ ഫോഴ്‌സസ് ബേസ്
ദോവോദ്‌സ്ടു വോജ്‌സ്‌ക് സ്‌പെക്ജാല്‍നിച് സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡ് ആണ്. പോളണ്ടിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സിനെ പരിശീലിപ്പിക്കുകയാണ് ഡിഡബ്ല്യൂഎസിന്റെ ചുമല. ഈ കെട്ടിടവും ഗൂഗിള്‍ മാപ്പില്‍ മറച്ചിരിക്കുകയാണ്.
പാഷ്യോ ഡി ലോസ് നാരന്‍ജോസ്, സ്‌പെയിന്‍
പാഷ്യോ ഡി ലോസ് നാരന്‍ജോസ് എന്നാല്‍ ഓറഞ്ച് തോട്ടമെന്നാണ് അര്‍ഥം. സ്‌പെയിനിലെ അല്‍മേരിയിലാണ് ഈ സ്ഥലം. എന്ത് കൊണ്ടാണ് ഈ സ്ഥലം ഗൂഗിള്‍ മാപ്പില്‍ മറച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. പക്ഷേ, സമീപത്തായി നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഉള്ളത് കൊണ്ടകാം ഇങ്ങനെ ചെയ്തിരിക്കുന്നതെന്നാണ് കരുതുന്നത്.
സാന്‍ഡി ഐലന്‍ഡ്
ഫാന്റം ദ്വീപ് എന്നാണ് സാന്‍ഡി ദ്വീപ് അറിയപ്പെടുന്നത്. ഫ്രഞ്ച് ടെറിട്ടറിയായ ന്യൂ കാലിഡോണിയയ്ക്ക് സമീപമുള്ള ഈ ദ്വീപ് ആദ്യമായി കണ്ടെത്തിയത് 1774 ല്‍ ക്യാപ്റ്റന്‍ ജെയിംസ് കുക്ക് ആയിരുന്നു. തുടര്‍ന്ന് നിരവധി മാപ്പുകളിലും നോട്ടിക്കല്‍ ചാര്‍ട്ടുകളിലും ഇതിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ, 1979 മുതല്‍ ഈ ദ്വീപിനെ ‘കണ്ടെത്താതെ’ പോകുകയായിരുന്നു.
2012 നവംബര്‍ വരെ ഈ ദ്വീപ് ഗൂഗിള്‍ മാപ്പില്‍ ദൃശ്യമായിരുന്നു. ഇപ്പോള്‍ ഗൂഗിള്‍ മാപ്പില്‍ ദ്വീപിന്റെ യഥാര്‍ഥ രൂപം പുറമേ കാണാന്‍ കഴിയുമെങ്കിലും ഉള്ളിലെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയില്ല
Discussion about this post