കാലിഫോര്‍ണിയ: അതി മനോഹരമായ ഡിസ്‌നി വേള്‍ഡിലേക്ക് ഒന്ന് പോകണം എന്ന് ആഗ്രഹിക്കാത്തവരുണ്ടോ… അതുപോലെ തന്നെ പാവപ്രേമികളുടെ പ്രിയങ്കരിയായ’ഏരിയല്‍ ഡോള്‍’ എന്ന മത്സ്യകന്യകയെ സ്വന്തമാക്കാന്‍ ഇഷ്ടപ്പെടാത്തവരുണ്ടോ..? മിനുമിനുങ്ങുന്ന നീല ഉടയാടയും ചുവന്ന തലമുടിയുമുള്ള വട്ടം കറങ്ങുന്ന, ഡിസ്‌നിയുടെ മത്സ്യ കന്യക… എന്നാല്‍ ഈ മനോഹരിയായ പാവയ്ക്ക് പറയാനുണ്ട് കണ്ണീരിന്റെ കഥ.
35 പൗണ്ടാണ് പാവ ഒന്നിന് വില. ഏതാണ്ട് 3164 രൂപ. 35 പൗണ്ട് വിലവരുന്ന ഒരു പാവ നിര്‍മ്മിക്കുന്ന തൊഴിലാളിക്ക് ലഭിക്കുന്നത് വെറും ഒരു ‘പെന്നി’ മാത്രമാണ്. സോളിഡാര്‍ സൂസെ, ചൈന ലേബര്‍ വാച്ച് എന്നീ സംഘടനകള്‍ ഗാര്‍ഡിയനുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാവനിര്‍മ്മാണത്തിനു പിന്നിലെ തൊഴില്‍ ചൂഷണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ പാവകളുടെ സീസണാണ്. ക്രിസ്മസ് സമ്മാനപ്പൊതികളിലേറെയും ഡിസ്‌നിയുടെ ലിറ്റില്‍ മെര്‍മെയ്ഡ് (കുഞ്ഞന്‍ മത്സ്യകന്യക) ആയിരിക്കും. എന്നാല്‍ കച്ചവടം ഇരട്ടിയാക്കാനായി ഡിസ്‌നിയുടെ തൊഴിലാളികളെ അവധി പോലും നല്‍കാതെ നിയമവിരുദ്ധമായി ജോലി ചെയ്യിപ്പിച്ച് തുച്ഛമായ അടിസ്ഥാന ശമ്പളം നല്‍കി പീഡിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ തെളിയുന്നു.
ചൂഷണത്തിനിരയാകുന്നവരിലേറെയും സ്ത്രീകളുമാണ്. പുരുഷന്മാരെക്കാള്‍ കുറഞ്ഞ ശമ്പളം മാത്രം നല്‍കിയാല്‍ മതിയെന്നതിനാല്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. മൂന്ന് ദിവസത്തില്‍ കൂടുതല്‍ അവധിയെടുക്കുന്നവരെ പുറത്താക്കുന്നതും സ്ഥിരം സംഭവമാണ്