ലണ്ടന്‍: കടക്കെണിയിലായിട്ടും ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന ജഡ്ജിയുടെ പരാമര്‍ശത്തെ പാടെ തള്ളി അനില്‍ അംബാനി. വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് മൂന്ന് ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയെ സമീപിച്ചത്. 700 ബില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ചൈനീസ് ബാങ്കുകള്‍ ആവശ്യപ്പെട്ടത്. തന്റെ ജീവിതം വളരെ അച്ചടക്കം നിറഞ്ഞതാണെന്നും മദ്യപാനമോ പുകവലിയോ ചൂതാട്ടമോ ഇല്ലാത്ത മാരത്തണ്‍ ഓട്ടക്കാരന്റേത് പോലെയാണ് തന്റെ ജീവിതമെന്നും ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന ജഡ്ജിയുടെ പരാമര്‍ശം തെറ്റാണെന്നും അനില്‍ അംബാനി പറയുന്നു. മുംബൈയില്‍ നിന്ന് വീഡിയോ ലിങ്ക് വഴിയാണ് അംബാനി കോടതി നടപടികളില്‍ പങ്കെടുത്തത്.
അനില്‍ അംബാനിയുടെ വാക്കുകള്‍;
എന്റെ ജീവിതം വളരെ അച്ചടക്കം നിറഞ്ഞതാണ്, മദ്യപാനമോ പുകവലിയോ ചൂതാട്ടമോ ഇല്ലാത്ത മാരത്തണ്‍ ഓട്ടക്കാരന്റേത് പോലെയാണ് തന്റെ ജീവിതം. ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന ജഡ്ജിയുടെ പരാമര്‍ശം തെറ്റാണ്. മക്കളോടൊപ്പം പുറത്തുപോയി സിനിമ കാണുന്നതിനേക്കാള്‍ കൂടുതല്‍ വീട്ടിലിരുന്നാണ് സിനിമ കാണുന്നത്.
എന്റെ ആവശ്യങ്ങള്‍ വിശാലമല്ല. ജീവിത ശൈലി അച്ചടക്കം നിറഞ്ഞതാണ്, സസ്യാഹാരിയാണ്. എന്റെ ആസ്തി പൂജ്യമാണ്. കേസുകള്‍ നടത്താന്‍ ആഭരണങ്ങള്‍ വിറ്റാണ് പണം കണ്ടെത്തുന്നത്. 2020 ജനുവരി ജൂണ്‍ മാസങ്ങളില്‍ താന്‍ കൈയ്യിലുള്ള ആഭരണങ്ങള്‍ വിറ്റു, ഇതില്‍ നിന്നും 9.99 കോടി രൂപ ലഭിച്ചു. എന്നാല്‍ ഇത് ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ തുകയല്ല. ഇത് നിയമ നടപടികള്‍ക്ക് തന്നെ ചിലവാകും. തന്റെ ജീവിത ശൈലി സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നിറം പിടിപ്പിച്ചതാണ്.
എനിക്ക് കാറുകളുടെ ഒരു നിരയുണ്ട് എന്ന് പറയുന്നത് ശരിയല്ല. എനിക്ക് സ്വന്തമായി റോള്‍സ് റോയിസ് ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ആകെ ഒരു കാര്‍ മാത്രമാണ് സ്വന്തമായി ഉള്ളത്.