ജനീവ: ആഗോളതലത്തില്‍ കൊവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കിയില്ലെങ്കില്‍ മരണസംഖ്യ 20 ലക്ഷം ആകുമെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ കൊവിഡ് മരണസംഖ്യ പത്ത് ലക്ഷത്തിനരികിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വൈറസിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പത്ത് ലക്ഷത്തോളം പേര്‍ കൂടി കൊവിഡിനിരയാകുമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പത്ത് ലക്ഷം എന്നത് ഭീമമായ ഒരു സംഖ്യയാണെന്നും അടുത്ത പത്ത് ലക്ഷത്തിലെത്തുന്നതിന് മുമ്പ് തന്നെ വൈറസിനെ ഫലപ്രദമായി ചെറുക്കാനുള്ള പ്രവര്‍ത്തനം എല്ലാവരില്‍ നിന്നും ഉണ്ടാകണമെന്നാണ് ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപുറപ്പെട്ട വൈറസ് ബാധമൂലം ഇതുവരെ 9,84,068 പേര്‍ മരിച്ചതായാണ് എഎഫ്പിയുടെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ മാത്രം വൈറസ് ബാധമൂലം രണ്ട് ലക്ഷത്തിലധികം പേരാണ് മരിച്ചത്. 70 ലക്ഷത്തിലധികം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
Discussion about this post