ന്യൂഡൽഹി: ലഡാക്കിലെ ഗാൽവനിലുണ്ടായ ഇന്ത്യാ-ചൈന സംഘർഷത്തിൽ ചൈനയ്ക്കും സാരമായ ആൾനഷ്ടമുണ്ടായെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ജൂൺ 15നുണ്ടായ സംഘർഷത്തിൽ അഞ്ച് സൈനികർ മരിച്ചതായി ചൈന തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മോൾഡോയിൽ ഇരുരാരാജ്യങ്ങളും തമ്മിൽ ഈ ആഴ്ച ആദ്യം നടന്ന സൈനിക നയതന്ത്രതല ചർച്ചയിലാണ് ചൈന ഇക്കാര്യം അറിയിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
അതേസമയം, സംഘർഷം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് ചൈന കൊല്ലപ്പെട്ട തങ്ങളുടെ സൈനികരെ കുറിച്ച് വിവരങ്ങൾ പുറത്തുവിടുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 15,000 അടി ഉയരത്തിലുള്ള ഗാൽവനിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ചൈനീസ് കമാൻഡിങ് ഓഫീസർ കൊല്ലപ്പെട്ടെന്ന വിവരമാണ് മുമ്പ് ചൈന സമ്മതിച്ചിരുന്നത്.
എന്നാൽ, ചൈന പറഞ്ഞതിനേക്കാൾ ഇരട്ടിയിലധികം ആളുകൾ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇന്ത്യയുടെ വാദം. ചൈന അഞ്ചുപേർ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞാൽ യഥാർഥ കണക്ക് മൂന്നിരട്ടി വരെ ആയിരിക്കാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ദോക്ലാം സംഘർഷത്തിന് ശേഷം ഉണ്ടായ ധാരണകൾ ചൈന പലതവലണ ലംഘിച്ചിരുന്നു. ഇത് ഇന്ത്യ സമയാസമയം ചൈനീസ് നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും അത് പരിഹരിക്കാൻ അവർ തയ്യാറായിരുന്നില്ല. ഇതിന് ശേഷം പ്രശ്‌നം വളർന്നുവന്നതാണ് ലഡാക്കിലെ സംഘർഷത്തിൽ കലാശിച്ചതെന്നും ഉന്നതവൃത്തങ്ങൾ ചൂചിപ്പിക്കുന്നു. പലപ്പോഴായി ഇന്ത്യൻ ഭൂപ്രദേശം കൈക്കലാക്കാനാണ് ചൈനയുടെ ശ്രമം. ഇതിന് കൊവിഡ് വ്യാപനം അവസരമായി അവർ കണക്കുകൂട്ടിയതാകാമെന്നുമാണ് ഇന്ത്യയുടെ നിഗമനം.
Discussion about this post