ടെല്‍ അവീവ്: കൊവിഡ് വ്യാപനം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ലോക്ക് ഡൗണ്‍ കര്‍ശക്കശമാക്കി ഇസ്രായേല്‍. വെള്ളിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ പത്തുവരെ നീളുമെന്നാണ് വിവരം. ലോക്ക് ഡൗണ്‍ കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ ചന്തകളും വ്യവസായ സ്ഥാപനങ്ങളും അടക്കമുള്ളവ തുറക്കാന്‍ അനുവദിക്കില്ല.
അവശ്യവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ മാത്രം പ്രവര്‍ത്തിക്കും. ജനങ്ങള്‍ വീടുകളുടെ 1000 മീറ്റര്‍ പരിധിവിട്ട് പോകാന്‍ അനുവദിക്കില്ല. ചികിത്സ അടക്കമുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് പോകേണ്ടവര്‍ക്ക് മാത്രമെ ഇളവ് അനുവദിക്കൂ. സിനഗോഗുകള്‍ അടക്കമുള്ളവ വിശേഷ ദിവസങ്ങളില്‍ മാത്രമെ നിബന്ധനകളോടെ തുറക്കാന്‍ അനുവദിക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ രണ്ടാഴ്ചത്തെ കര്‍ശന ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാഴ്ചത്തെ കര്‍ശന ലോക്ക്ഡൗണിനു ശേഷം ചെറിയ ഇളവുകളോടെയുള്ള ലോക്ക്ഡൗണ്‍ രണ്ടാഴ്ചകൂടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 18-ന് പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ലോക്ക്ഡൗണാണ് കര്‍ശനമാക്കുന്നത്. കായിക വിനോദങ്ങള്‍ക്കും പ്രതിഷേധ റാലികള്‍ക്കും പ്രാര്‍ഥനാ ചടങ്ങുകള്‍ക്കും മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല.