വിവാഹം എന്നുപറയുമ്പോള്‍ തന്നെ പട്ടുസാരിയിലും സ്വര്‍ണ്ണാഭരണങ്ങളിലും തിളങ്ങി നില്ക്കുന്ന നവവധുവിനെയാണ് ഓര്‍മ്മയില്‍ വരിക. എന്നാല്‍ ആ പഴഞ്ചന്‍ സങ്കല്‍പ്പങ്ങളെ എല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് സഞ്ജന റിഷി എന്ന യുവതി. പാന്റ്സ്യൂട്ട് ധരിച്ചാണ് കക്ഷി വിവാഹ വേദിയിലേക്കെത്തിയത്. ഇളംനീല നിറത്തിലുള്ള പാന്റ്സ്യൂട്ട് ധരിച്ചാണ് സഞ്ജന എത്തിയത്.
മിതമായ ആഭരണങ്ങളും മേക്ക്അപ്പുമൊക്കെ സഞ്ജനയുടെ ലുക്കിനെ വ്യത്യസ്തമാക്കുകയും ചെയ്തു. ഇത്തരത്തില്‍ അണിഞ്ഞൊരുങ്ങാന്‍ തീരുമാനിച്ചതിനെക്കുറിച്ച് സഞ്ജന ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ജിയാന്‍ഫ്രാങ്കോ ഫെറി ഡിസൈനേഴ്സിന്റെ മുമ്പുപയോഗിക്കപ്പെട്ട പാന്റ്സ്യൂട്ട് ആണ് സഞ്ജന തെരഞ്ഞെടുത്തത്. വിവാഹ വസ്ത്രത്തിന് പണം വാരിയെറിയുന്നതിലുള്ള താല്പര്യമില്ലായ്മ കൂടിയാണ് ഈ വ്യത്യസ്തതയ്ക്ക് കാരണവും. ഇനി വസ്ത്രത്തോടൊപ്പം സഞ്ജന അണിഞ്ഞ കമ്മലുകള്ക്കുമുണ്ട് പ്രത്യേകത. അവ ഒരു സുഹൃത്തില്‍ നിന്നു കടംവാങ്ങിയതാണ്. പ്രത്യേകം പണികഴിപ്പിച്ച എംബ്രോയ്ഡറിയാല്‍ സമൃദ്ധമായ ശിരോവസ്ത്രവും ബാക്കിയുള്ള ആഭരണങ്ങളും മാത്രമാണ് പുതുതായുണ്ടായിരുന്നത്.
വധുവിന്റെ രൂപം സംസ്കാരമോ മറ്റെന്തെങ്കിലുമോ ആയല്ല അവനവന്റെ ശരീരവും അതുകഴിഞ്ഞാല്‍ വ്യക്തിത്വവുമായാണ് യോജിക്കേണ്ടതെന്നു പറഞ്ഞാണ് സഞ്ജന കുറിപ്പ് ആരംഭിക്കുന്നത്. തന്റെ ശൈലി ഉള്‍ക്കൊള്ളുന്ന ഒരു വിവാഹവേഷം തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഒപ്പം സുസ്ഥിരതയും പ്രാദേശിക കരകൗശലത്തൊഴിലാളികളെ പിന്തുണയ്ക്കാനുമുള്ള തന്റെ ഉത്തരവാദിത്വം പാലിക്കപ്പെടുകയും ചെയ്തുവെന്ന് സഞ്ജന പറയുന്നു.
Discussion about this post