ഇസ്‌ലാമാബാദ്: ചൈനയിൽ നിർമ്മിച്ച കൊവിഡ് 19 വാക്‌സിൻ പാകിസ്താനിൽ പരീക്ഷിക്കാൻ ഒരുങ്ങി ഭരണകൂടം. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് പാകിസ്താനിൽ നടക്കാനിരിക്കുന്നത്. രാജ്യത്തെ 8000 മുതൽ 10,000 വരെ വൊളന്റിയർമാർക്ക് വാക്‌സിൻ നൽകാനാണ് പദ്ധതി. ആറ് മാസത്തിനകം വാക്‌സിന്റെ അന്തിമ ഫലം വരുമെന്നാണ് പ്രതീക്ഷ.
പരീക്ഷണഫലം വന്നാലുടൻ രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിൻ നൽകിത്തുടങ്ങുമെന്ന് അധികൃതർ പറയുന്നു. പാകിസ്താനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) എക്‌സിക്യൂട്ടീവ് ഡയറക്ടർ ആമെർ ഇക്രാമാണ് ചൈനീസ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടങ്ങുന്നെന്ന വിവരം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരിക്കുന്നത്. മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ വാക്‌സിൻ സുരക്ഷിതമാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. മനുഷ്യർക്കും സുരക്ഷിതമായിരിക്കും എന്നാണ് കരുതുന്നത്. മനുഷ്യരിലുള്ള പരീക്ഷണം വിജയിച്ചാൽ പാകിസ്താന് മാത്രമല്ല, ലോകത്തിനാകെ പ്രയോജനപ്പെടുന്നതായിരിക്കും ഈ വാക്‌സിനെന്ന് പാക് പ്രധാനമന്ത്രിയുടെ നാഷണൽ ഹെൽത്ത് സർവീസസുമായി ബന്ധപ്പെട്ട സ്‌പെഷ്യൽ അസിസ്റ്റന്റ് ഫൈസൽ സുൽത്താൻ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post