വാഷിംഗ്ടണ്‍: പച്ചക്കറി വാങ്ങുവാന്‍ പോയപ്പോള്‍ എടുത്ത ടിക്കറ്റിന് ഒന്നരക്കോടിയിലധികം രൂപ അടിച്ചതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് അമേരിക്കക്കാരിയായ വനേസ വാര്‍ഡ്. 225000 ഡോള(ഏകദേശം (1,58,17,500 ഇന്ത്യന്‍ രൂപ)റാണ് ടെക്സാസ് സ്വദേശിയായ വനേസയ്ക്ക് ലോട്ടറിയടിച്ചത്. പിതാവിന്റെ ആവശ്യമനുസരിച്ചുള്ള പച്ചക്കറി വാങ്ങാന്‍ ഇറങ്ങിയതായിരുന്നു വനേസ.
ഗ്രോവര്‍ടോണിലെ കടയില്‍ ക്യാബേജ് വാങ്ങാന്‍ വേണ്ടിയായിരുന്നു ഇറങ്ങിയത്. ഇതിന് ഇടയില്‍ വിര്‍ജിനിയ ലോട്ടറിയുടെ വിന്‍എ സ്പിന്‍ സ്‌ക്രാച്ച് ടിക്കറ്റ് കാണുന്നതും വാങ്ങുന്നതും. തുടര്‍ന്ന് വനേസ വീട്ടിലെത്തി ടിക്കറ്റ് ചുരണ്ടിനോക്കി. അപ്പോഴാണ് ബിഗ് വീല്‍ ലൈവായി കറക്കാനുള്ള അവസരം തനിക്കു ലഭിച്ചതായി വനേസയ്ക്ക് മനസ്സിലായത്. ഒരു ലക്ഷം ഡോളറിനും അഞ്ചുലക്ഷത്തിനും ഇടയില്‍ സമ്മാനമടിക്കാനുള്ള അവസരമായിരുന്നു അതിലൂടെ വനേസയ്ക്ക് ലഭിച്ചത്.
തുടര്‍ന്ന് വനേസ ബിഗ് വീല്‍ കറക്കുകയും 225000 ഡോളര്‍ സമ്മാനം നേടുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെംപിള്‍ ഹില്‍സിലാണ് വനേസയുടെ താമസം. സമ്മാനത്തുക വിശ്രമകാല ജീവിതത്തിന് ഉപയോഗിക്കാനാണ് ഇവര്‍ താത്പര്യപ്പെടുന്നത്. ഡിസ്നി വേള്‍ഡിലേക്ക് യാത്ര പോകാനും വനേസയ്ക്കു പദ്ധതിയുണ്ട്.