ഗൂഗിളിലെ നല്ല ജോലി വലിച്ചെറിഞ്ഞ് സമൂസ വില്ക്കാനിറങ്ങിയ ചെറുപ്പക്കാരനെ ആദ്യം മാതാപിതാക്കളെല്ലാം ശകാരിച്ചിരുന്നു. എന്നാല്‍ അവന്റെ ജീവിതത്തിലെ ഉയര്‍ച്ച കണ്ട് അവരെല്ലാം അമ്പരന്നു. മുനാഫ് കപാഡിയ എന്ന യുവാവാണ് ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് സമൂസ വില്‍ക്കാനിറങ്ങിയത്.
വെറും സമൂസയല്ല, ദാവൂദി ബോഹ്‌റിസമൂഹത്തിന്റെ തനത് രുചികളാണ് മുനാഫ് കപാഡിയ വില്‍ക്കുന്നത്. ഷിയ ഇസ്ലാമിന്റെ ഒരു ശാഖയായ ദാവൂദി ബോഹ്‌റി സമുദായത്തിന്റെ വേരുകള്‍ യെമനിലാണ്. 3.5 അടി വ്യാസമുള്ള പ്ലെയിറ്റിലാണ് ഈ സമുദായംഗങ്ങള് ഭക്ഷണം കഴിക്കുക.
തങ്ങളുടെ സമൂഹത്തിന്റെ തനത് രുചികള്‍ ദ ബോഹ്‌റി കിച്ചന്‍ എന്ന ബ്രാന്‍ഡിലൂടെ ജനകീയമാക്കിയ മുനാഫിനെ തേടി ഇന്നെത്തുന്നത് റാണി മുഖര്‍ജിയും ഋത്വിക് റോഷനും അടക്കമുള്ള പ്രമുഖരുടെ ഓര്‍ഡറുകളാണ്. 2014ലെ ഒരു നവംബറില്‍ മുനാഫിന്റെ ജന്മദിനത്തിലാണ് ഒരു പരീക്ഷണമെന്ന നിലയില്‍ ദ് ബോഹ്‌റി കിച്ചണിന്റെ പ്രാരംഭം.
മട്ടണ് കീമ സമൂസ, ചിക്കന്‍ മലായ് ഷീഖ് ബിരിയാണി, ഖജൂര്‍ ചട്‌നി തുടങ്ങി തങ്ങളുടെ സമൂഹത്തിന്റെ ചില വ്യത്യസ്ത രുചികള്‍ ആസ്വദിക്കാന്‍ കുറച്ച് സുഹൃത്തുക്കളെയും പരിചയക്കാരെയും മുനാഫ് വീട്ടിലേക്ക് ക്ഷണിച്ചു.
ആദ്യത്തെ സല്‍ക്കാരം കഴിഞ്ഞ് വിടര്‍ന്ന പുഞ്ചിരികളും നിറഞ്ഞ വയറുമായിട്ടാണ് അതിഥികള്‍ ഇവരുടെ വീട്ടില്‍ നിന്ന് മടങ്ങിയത്.
മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന് എല്ലാ ആഴ്ചയും എട്ട് പേര്‍ക്ക് വീതം മുനാഫും അമ്മ നഫീസ കപാഡിയയും ചേര്‍ന്ന് തനത് ഭക്ഷണം ഒരുക്കാന്‍ തുടങ്ങി. അങ്ങനെ കുറച്ച് നാളുകള്‍ക്കുള്ളില്‍ മുംബൈ നഗരത്തിലെ സംസാരവിഷയമായി ബോഹ്‌റി കിച്ചണ്മാറി. പത്രങ്ങളിലും ബ്ലോഗുകളിലുമൊക്കെ വാര്‍ത്ത വരാന്‍ തുടങ്ങി.
രുചിമേളത്തില്‍ പങ്കെടുക്കാന്‍ പിന്നെ 1500 മുതല്‍ 3500 രൂപ വരെ നല്കി ബുക്ക് ചെയ്ത് പലരും കാത്തിരിക്കാന്‍ തുടങ്ങി. ബിബിസിയില്‍ വരെ ഇവരെ കുറിച്ച് വാര്‍ത്തകള്‍ വന്നു. അങ്ങനെയാണ് ഗൂഗിളിലെ അക്കൗണ്ട് സ്ട്രാറ്റെജിസ്റ്റ് ജോലി ഉപേക്ഷിച്ച് ഈ എംബിഎക്കാരന്‍ മുഴുവന്‍ സമയ ഭക്ഷണ ബിസിനസ്സിലേക്ക് ഇറങ്ങുന്നത്.
Discussion about this post