ഓക്സ്ഫഡ് കൊവിഡ് വാക്സിന്റെ പരീക്ഷണം പുനഃരാരംഭിച്ചു

ലണ്ടന്‍: ഓക്സ്ഫഡ് കൊവിഡ് വാക്സിന്റെ പരീക്ഷണം പുനഃരാരംഭിച്ചു. വാക്‌സിന്‍ കുത്തിവെച്ച യുവതിക്ക് നാഡീ സംബന്ധമായ അപൂര്‍വ രോഗം ബാധിച്ചതിനെ തുടര്‍ന്ന് വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തവെച്ചിരുന്നു.’ഇതു സംബന്ധിച്ച സ്വതന്ത്ര അന്വേഷണ പ്രക്രിയ അവസാനിച്ചു. അവലോകന കമ്മിറ്റിയുടേയും യുകെ റെഗുലേറ്ററായ എംഎച്ച്ആര്‍എയുടേയും ശുപാര്‍ശകളെ തുടര്‍ന്ന് രാജ്യത്തുടനീളം വാക്സിന്‍ പരീക്ഷണം പുനഃരാരംഭിക്കും’ എന്നാണ് ഓക്സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചത്.

അപൂര്‍വവും ഗുരുതരവുമായ ‘ട്രാന്‍വേഴ്‌സ് മൈലൈറ്റീസ്’ എന്ന രോഗമാണ് വാക്‌സിന്‍ കുത്തിവെച്ച യുവതിക്ക് ബാധിച്ചതെന്നാണ് അസ്ട്രാസെനെക സിഇഒ പാസ്‌കല്‍ സോറിയറ്റ് പറഞ്ഞത്.വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായി 18,000 ത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് വാക്സിന്‍ കുത്തിവെച്ചിരിക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചത്.

യുകെയില്‍ വാക്സിന്‍ നിര്‍മാണത്തില്‍ സര്‍വകലാശാലയ്ക്കൊപ്പം കൈകോര്‍ക്കുന്നത് ഔഷധനിര്‍മാണ കമ്പനിയായ ആസ്ട്രസെനേകയാണ്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന വാക്സിന്റെ പരീക്ഷണം നടത്തുന്നത്.

Exit mobile version