വാഷിങ്ടണ്‍: കാഴ്ചക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന ഒരു വിവാഹ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. അമേരിക്കയിലെ ആര്‍ക്കാന്‍സസിലുള്ള മൗണ്ടന്‍ ഹോം സ്വദേശികളായ റയാന്‍ മേയേഴ്‌സ്, സ്‌കൈ എന്നിവരുടെ വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.
1900 അടി ഉയരത്തിലുള്ള മലമുകളിലെ വിറ്റാക്കര്‍ പോയിന്റ് എന്നറിയപ്പെടുന്ന കൂറ്റന്‍ പാറയുടെ മുകളിലായിരുന്നു ഇരുവരുടേയും ഫോട്ടോഷൂട്ട്. വിവാഹവസ്ത്രം ധരിച്ച്, പാറയുടെ തുമ്പത്ത്, വരന്റെ കൈവിട്ട് പിന്നിലേക്ക് ആഞ്ഞു നില്‍ക്കുന്ന വധുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഈ സാഹസികതയുടെ പേരില്‍ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ എല്ലാവിധ സുരക്ഷാസൗകര്യങ്ങളും ഒരുക്കിയായിരുന്നു ഈ ഫോട്ടോഷൂട്ട്. ഹൈക്കിങ് വിദഗ്ധര്‍ ഉള്പ്പടെയുള്ളവര്‍ ചുറ്റിലുമുണ്ടായിരുന്നു. ഏറെ വൈറലായ ‘കൈവിട്ട’ ചിത്രം ഒരു കയറിന്റെ സഹായത്തോടെയാണ് ചിത്രീകരിച്ചത്.
വിവാഹം വലിയ ആഘോഷമായി നടത്തണമെന്നായിരുന്നു റയാനും സ്‌കൈയും ആഗ്രഹിച്ചിരുന്നത്. എന്നാല് കോവിഡ് ഇവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. സാമൂഹിക അകലവും മറ്റു നിയന്ത്രണങ്ങളും നിലവില്‍ വന്നതോടെ 12 പേരെ മാത്രമേ വിവാഹത്തിന് പങ്കെടുപ്പിക്കാന്‍ സാധിച്ചുള്ളൂ.
ആഘോഷങ്ങളെല്ലാം മാറ്റിവെയ്‌ക്കേണ്ടി വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് റയാന്‍ മേയേഴ്‌സും സ്‌കൈയും ഒരു ഗംഭീര ഫോട്ടോഷൂട്ട് നടത്തി ആള്‍ക്കാരെ ഞെട്ടിക്കാന്‍ തീരുമാനിച്ചത്. ഫോട്ടോഷൂട്ട് ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് നവദമ്പതികള്‍.
ജീവിതം കൂടുതല്‍ സാഹസികമാക്കാനുള്ള ശ്രമത്തിലാണെന്നും ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ മാധ്യമങ്ങളില്‍ ഉയരുന്നത് വിമര്‍ശനങ്ങളാണ്. അപകടം വിളിച്ചുവരുത്തുകയാണ് ഇത്തരം പ്രവൃത്തികളിലൂടെയെന്ന് പലരും പ്രതികരിച്ചു.