വാഷിങ്ടണ്‍: കോവിഡ് ഒരു മാരക രോഗമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ ബോബ് വുഡ്വേഡിന്റെ ‘റേജ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് വായുവില്‍ കൂടി പകരുമെന്ന അറിവും ജനങ്ങളില്‍ നിന്നും ഡൊണാള്‍ഡ് ട്രംപ് മറച്ചുവച്ചതായും പുസ്തകത്തില്‍ പറയുന്നു. രോഗം വെറും ജലദോഷം പോലെയാണെന്നും കോവിഡിനെ ആരും പേടിക്കേണ്ടതില്ലെന്നുമായിരുന്നു ട്രംപിന്റെ പരസ്യനിലപാട്.
ട്രംപുമായി നടത്തിയ അഭിമുഖങ്ങളുടെയും പുസ്തകത്തിന്റെ ചില ഏടുകളും വുഡ്വേര്‍ഡ് ചില മാധ്യമങ്ങള്‍ക്കു നല്‍കിയതിലൂടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഭീതി സൃഷ്ടിക്കാതിരിക്കാന്‍ മഹാമാരിയുടെ യഥാര്‍ഥ വസ്തുതകള്‍ മറച്ചുവയ്‌ക്കേണ്ടിവന്നുവെന്ന് വുഡ്വേര്‍ഡിനോട് ട്രംപ് പറഞ്ഞതായി വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ചില്‍ ട്രംപുമായി നടത്തിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. കൊറോണ വൈറസ് ഫ്‌ലൂവിനേക്കാള്‍ മാരകമാണെന്നും വായുവിലൂടെ പകരുമെന്നും ട്രംപ് പറയുന്നത് ഫെബ്രുവരി ഏഴിനെടുത്ത അഭിമുഖത്തിന്റെ ഓഡിയോ ക്ലിപ്പും വാഷിങ്ടന്‍ പോസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്.
ബോബ് വുഡ്വേഡിന്റെ പുസ്തകം സെപ്റ്റംബര്‍ 15ന് പുറത്തുവരും. നവംബര്‍ 3നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അതേസമയം, കള്ളം പറഞ്ഞുവെന്ന ആരോപണത്തെ പ്രസിഡന്റ് ട്രംപ് പ്രതിരോധിച്ചു. ഞാന്‍ ഈ രാജ്യത്തെ ഇഷ്ടപ്പെടുന്നുവെന്നും ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.