ന്യൂയോർക്ക്: 2021ലെ സമാധാന നോബൽ പുരസ്‌കാരത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നാമനിർദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന്റെ പേരിൽ നോർവീജിയൻ പാർലമെന്റ് അംഗം ക്രിസ്റ്റ്യൻ ടൈബ്രിംഗ് ആണ് ട്രംപിനെ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്തത്. ഇന്ത്യ-പാകിസ്താൻ കാശ്മീർ തർക്കത്തിലെ ട്രംപിന്റെ ഇടപെടലിനെ കുറിച്ചും ടൈബ്രിംഗ് നാമനിർദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിക്കുന്നതായി ക്രിസ്റ്റ്യൻ ട്രൈബ്രിംഗ് പറഞ്ഞു.
പുരസ്‌കാരത്തിന് നാമനിർദേശം ചെയ്ത മറ്റുള്ള അപേക്ഷകരേക്കാൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ സമാധാനം സൃഷ്ടിക്കാൻ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിൽ ട്രംപ് ഭരണകൂടം സുപ്രധാന പങ്കുവഹിച്ചെന്നും നാറ്റോ പാർലമെന്ററി അസംബ്ലിയിലേക്കുള്ള നോർവീജിയൻ പ്രതിനിധി സംഘത്തിന്റെ ചെയർമാൻകൂടിയായ ടൈബ്രിംഗ് കൂട്ടിച്ചേർത്തു.
യുഎഇ-ഇസ്രായേൽ കരാർ ഒരു വഴിത്തിരിവാകാം. പശ്ചിമേഷ്യയെ അത് സഹകരണത്തിന്റേയും സമൃദ്ധിയുടേയും മേഖലയാക്കി മാറ്റും. ഇന്ത്യ പാകിസ്താൻ കാശ്മീർ തർക്കം, ഉത്തര കൊറിയ-ദക്ഷിണ കൊറിയ സംഘർഷം തുടങ്ങിയവ ലഘൂകരിക്കാൻ ട്രംപിന്റെ ഇടപെടലുണ്ടായെന്നാണ് നാമനിർദേശത്തിൽ നോർവീജിയൻ പാർലമെന്റ് അംഗത്തിന്റെ അവകാശവാദം.
Discussion about this post