ലണ്ടന്‍: ഫേസ്ബുക്കിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു. ഫേസ്ബുക്ക് വിദ്വേഷ പ്രചാരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് രാജിവെച്ചത്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവരുടെ വിദ്വേഷ പോസ്റ്റുകളില്‍ നടപടിയെടുക്കാന്‍ ഫേസ്ബുക്കിനായില്ലെന്ന് അശോക് ചാന്ദ്വാനി ആരോപിക്കുന്നു.
കെനോഷ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പോസ്റ്റുകള്‍, ട്രംപിന്റെ ‘കൊള്ളയടിക്കല്‍ ആരംഭിക്കുമ്പോള്‍ വെടിവെയ്പ് തുടങ്ങുന്നു’ എന്ന പോസ്റ്റ് എന്നിവ പിന്‍വലിക്കുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്നും അശോക് തുറന്നടിച്ചു. സമാന ആരോപണവുമായി കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി ജീവനക്കാര്‍ ഫേസ്ബുക്ക് വിട്ടിട്ടുണ്ട്.
ട്രംപിന്റെ വെടിവെയ്പ് പോസ്റ്റ് പിന്‍വലിക്കില്ലെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചതിന് ശേഷം മാത്രം ഒരാഴ്ചയ്ക്കിടെ മൂന്നുപേരാണ് രാജിവെച്ച് പുറത്ത് പോയത്. പിന്നാലെയാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറും തന്റെ രാജി കൈമാറിയത്. വിദ്വേഷം പരത്തി ലാഭം കൊയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അശോക് രാജിക്കത്തില്‍ വ്യക്തമാക്കി. അതേസമയം ഫേസ്ബുക്കിനെതിരെ ആരോപണം ശക്തമായപ്പോള്‍ വിദ്വേഷ പ്രചാരണത്തേയും അക്രമത്തെ മഹത്വവല്‍ക്കരിക്കുന്ന ഉള്ളടക്കത്തെയും ഓഡിറ്റ് ചെയ്യാന്‍ ഫേസ്ബുക്ക് തയ്യാറായിരുന്നു.
എന്നാല്‍ ഫേസ്ബുക്കിന്റെ സമീപകാല നീക്കങ്ങള്‍ മാറ്റത്തിനുള്ള സന്നദ്ധതയേക്കാള്‍ പിആര്‍ പ്രേരിതമാണെന്നാണ് അശോക് ആരോപിക്കുന്നു. സാമൂഹ്യമൂല്യം വളര്‍ത്തുകയെന്ന പ്രഖ്യാപിത ദൗത്യത്തില്‍ നിന്നും ഫേസ്ബുക്ക് പിന്നോട്ട് പോയെന്നും അശോക് പറയുന്നു.