ജനീവ: കൊവിഡ് മഹാമാരി അവസാനത്തെ പകര്‍ച്ചവ്യാധി ആയിരിക്കില്ലെന്നും അടുത്ത പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോള്‍ ലോകം അതിനെ നേരിടാന്‍ തയ്യാറായിരിക്കണമെന്നും ലോകാരോഗ്യ സംഘടന. ഇതിനായി ലോക രാജ്യങ്ങള്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
‘ഇത് അവസാനത്തെ പകര്‍ച്ചവ്യാധി ആയിരിക്കില്ല. പകര്‍ച്ചവ്യാധികളും രോഗങ്ങളും മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്ന് ചരിത്രം പഠിപ്പിക്കുന്നു. എന്നാല്‍ അടുത്ത പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോള്‍ ലോകം അതിനെ നേരിടാന്‍ തയ്യാറായിരിക്കണം’ എന്നാണ് ജനീവയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ടെഡ്രോസ് പറഞ്ഞത്.
അതേസമയം കൊവിഡ് വാക്‌സിന്‍ എത്താന്‍ 2021 പകുതിയെങ്കിലും ആവുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാല്‍ റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ ജനങ്ങള്‍ക്ക് നല്‍കി തുടങ്ങി. റഷ്യയുടെ ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും (ആര്‍ഡിഎഫ്) ചേര്‍ന്ന് വികസിപ്പിച്ചെടുത്ത സ്പുട്നിക് 5 ആണ് ജനങ്ങള്‍ക്ക് നല്‍കുന്നത്.
ആരോഗ്യ വകുപ്പിന്റെ അന്തിമ അനുമതി ലഭിച്ചതോടെയാണ് വാക്സിന്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനം ആയത്. ഓഗസ്റ്റ് 11 നാണ് സ്പുട്നിക്-5 റഷ്യ റജിസ്റ്റര്‍ ചെയ്തത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ തലസ്ഥാനത്തെ ജനങ്ങള്‍ക്കെല്ലാം തന്നെ വാക്സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് മോസ്‌കോ മേയര്‍ വ്യക്തമാക്കിയത്.