ഓരോ പിറന്നാളിനും അച്ഛന്‍ നല്‍കിയത് വിസ്‌കി, 28ാം വയസ്സില്‍ എല്ലാം വിറ്റ് കിടിലന്‍ ഒരു വീട് വാങ്ങി മകന്‍

ലണ്ടന്‍: ഓരോ പിറന്നാളിനും അച്ഛന്‍ സമ്മാനമായി നല്‍കിയ വിസ്‌കി വിറ്റ് മകന്‍ കിടിലന്‍ ഒരു വീട് വാങ്ങി. ഇംഗ്ലണ്ടിലാണ്‌ സംഭവം. ടോണ്‍ടന്‍ സ്വദേശിയായ മാത്യു റോബ്‌സണിന് പിതാവ് പീറ്റാണ് ഓരോ പിറന്നാളിനും സമ്മാനമായി 18 വര്‍ഷം പ്രായമുള്ള മക്കാലന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി നല്‍കിയത്.

ഇങ്ങനെ ലഭിച്ച 28 കുപ്പി വിസ്‌കിയുടെ അപൂര്‍വശേഖരം വിറ്റഴിച്ചാണ് മാത്യു റോബ്‌സണ്‍ 28-ാം വയസ്സില്‍ ഒരു വീട് വാങ്ങിയത്. മാത്യു റോബ്‌സണ്‍ 1992 ലാണു ജനിച്ചത്. ഓരോ പിറന്നാളിനും മകനു സമ്മാനമായി നല്‍കാന്‍ 18 വര്‍ഷം പഴക്കമുള്ള മക്കാലന്‍ സിംഗിള്‍ മാര്‍ട്ട് വിസ്‌കിയുടെ 28 കുപ്പികള്‍ക്കുമായി പിതാവ് പീറ്റ് (64) ചെലവഴിച്ചത് 5,000 പൗണ്ടാണ്.

അപൂര്‍വ വിസ്‌കിയുടെ ഇത്രയും ദീര്‍ഘകാലത്തെ തുടര്‍ച്ചയായ ശേഖരം അത്യപൂര്‍വമായതിനാല്‍ മൂല്യം 40,000 പൗണ്ടായി (ഏകദേശം 39 ലക്ഷം രൂപ) ഉയര്‍ന്നു. പീറ്റ് ആദ്യ കുപ്പി വാങ്ങിയത് (1974 വിന്റേജ്) മാത്യുവിന്റെ ജനനം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ചുകൊണ്ടായിരുന്നു.

18 വര്‍ഷം പ്രായമുള്ള വിസ്‌കി ഓരോ പിറന്നാളിനും വാങ്ങി സമ്മാനിച്ചാല്‍ 18ാം പിറന്നാള്‍ ആകുമ്പോള്‍ അതൊരു വലിയ കൗതുകമാകുമല്ലോ എന്നു വിചാരിച്ചാണു താന്‍ ഇതു തുടങ്ങിയതെന്നു പീറ്റ് പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മക്കാലന്‍ വിസ്‌കിയുടെ മൂല്യം കുതിച്ചുയര്‍ന്നതാണ് ഈ അപൂര്‍വശേഖരത്തിനു ഉയര്‍ന്ന വില കിട്ടാന്‍ കാരണമായതെന്നു വിസ്‌കി ബ്രോക്കറായ മാര്‍ക് ലിറ്റലര്‍ പറഞ്ഞു.

Exit mobile version