ബീജിങ്: കൊവിഡ് രോഗപ്രതിരോധത്തിനായി സ്വന്തമായി വികസിപ്പിച്ച കൊവിഡ് വാക്സിനുകൾ ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് ചൈന. ബീജിങ് ട്രേഡ് ഫെയറിലാണ് വാക്സിനുകൾ പ്രദർശിപ്പിച്ചിട്ടുള്ളതെന്ന് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ചൈനീസ് കമ്പനികളായ സിനോവാക് ബയോടെക്, സിനോഫാം എന്നിവയാണ് വാക്സിനുകൾ വികസിപ്പിച്ചത്.
അതേസമയം, ചൈന പ്രദർശിപ്പിച്ചിരിക്കുന്ന വാക്സിനുകൾ ഇതുവരെ വിപണിയിൽ എത്തിയിട്ടില്ല. എന്നാൽ സുപ്രധാനമായ മൂന്നാം ഘട്ട പരീക്ഷണവും വിജയകരമായി പൂർത്തിയാക്കുന്നതോടെ ഇവയ്ക്ക് ഈ വർഷം അവസാനം തന്നെ അനുമതി ലഭിക്കുമെന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്.
വാക്സിൻ ഉത്പാദനശാലയുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. പ്രതിവർഷം 30 കോടി ഡോസുകൾ നിർമിക്കാൻ പ്രാപ്തമായ കമ്പനിയാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് സിനോവാക് പ്രതിനിധി വാർത്താ ഏജൻസിയോട് പറഞ്ഞത്. വാക്സിൻ എടുക്കുന്നവരിൽ ആന്റീബോഡികൾ ഒന്നു മുതൽ മൂന്ന് വർഷംവരെ നിലനിൽക്കുമെന്നാണ് കരുതുന്നതെന്നും സിനോഫാം പറയുന്നു. പരീക്ഷണങ്ങൾ പൂർത്തിയായ ശേഷമെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂവെന്നും അവർ പറയുന്നു.
ചൈന വികസിപ്പിക്കുന്ന വാക്സിനുകളുടെ വില ഒരിക്കലും ഉയർന്നതാവില്ലെന്ന് ഗ്ലോബൽ ടൈംസ് നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. വാക്സിൻ വികസിപ്പിക്കുന്ന കമ്പനിയായ സിനോഫാമിന്റെ ചെയർമാൻ അടക്കമുള്ളവർ വാക്സിൻ എടുത്തുകഴിഞ്ഞുവെന്നും ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Discussion about this post