രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് പസഫിക് സമുദ്രത്തില്‍ വീണു; ആറു പേരെ കാണാതായി, ഒരാളെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി

എഫ്/എ-18, കെ.സി 130 എന്നീ യുദ്ധ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്

ടോക്യോ: ആകാശത്ത് വെച്ച് രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് പസഫിക് സുദ്രത്തില്‍ വീണു. വിമാനത്തിലുണ്ടായ ഏഴുപേരില്‍ ആറു പേരെയും കാണാതായി. ഒരാളെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

എഫ്/എ-18, കെ.സി 130 എന്നീ യുദ്ധ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പതിവ് പരിശീലനത്തിന് ഇടയിലായിരുന്നു അപകടം. ഹിരോഷിമക്കടുത്ത ഇവകുനിയിലെ അമേരിക്കയുടെ താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്.

ജപ്പാന്‍-അമേരിക്കന്‍ നാവിക സേനകള്‍ സംയുക്തമായാണ് കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത്. എഫ്/എ-18 വിമാനത്തില്‍ രണ്ടും കെ.സി 130 വിമാനത്തില്‍ അഞ്ചും സൈനികരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മാസവും അമേരിക്കയുടെ എഫ്/എ-18 യുദ്ധവിമാനം ജപ്പാന്‍ തീരത്ത് തകര്‍ന്ന് വീണിരുന്നു.

Exit mobile version