ലോക്ക് ഡൗണ്‍ വന്നതോടെ കച്ചവടം ഇടിഞ്ഞ സുഷി റെസ്റ്റോറന്റിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വ്യത്യസ്ത തന്ത്രവുമായി ഹോട്ടല്‍ ഉടമ. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യമായി ഒരു ബോഡി ഷോ കൂടി കാണാനുള്ള സൗകര്യമാണ് ‘ഇമാസുഷി’ റസ്‌റ്റോറന്റിന്റെ ഉടമയായ മസാനോറി സുഗ്യൂറ ഒരുക്കിയത്.
ജപ്പാനിലെ അഞ്ചോയില്‍ ഉള്ള അറുപതു വര്‍ഷത്തെ പാരമ്പര്യമുള്ള സുഷി റെസ്റ്റോറന്റ് ആണ് ‘ഇമാസുഷി’. പത്തുലക്ഷം ഡോളറിന്റെ കച്ചവടം നടക്കുന്നതാണ് ഇമാസുഷിയില്‍ ഏപ്രില്‍ ജൂണ്‍ പാദത്തില്‍. അത് ഇടിഞ്ഞതോടെ ഓണ്‍ലൈന്‍ ഓര്‍ഡറുകളുടെ ഹോം ഡെലിവെറിക്കായി അദ്ദേഹം നേരിട്ട് അഭിമുഖം നടത്തി അരഡസന്‍ ബോഡി ബില്‍ഡര്‍മാരെ നിയമിച്ചു.
അതോടെ, സ്വാദിഷ്ടമായ സുഷി വിഭവങ്ങള്‍ വീട്ടിലെത്തുന്നതോടൊപ്പം ഇനി ഇമാസുഷിയുടെ കസ്റ്റമേഴ്‌സിന് സൗജന്യമായി ഒരു ‘ബോഡി ഷോ’ കൂടി ലഭിക്കും. റെസ്റ്റോറന്റ് ഉടമയായ മസാനോറി സുഗ്യൂറയും ഒരു ബോഡി ബില്‍ഡര്‍ ആണ് എന്നതാണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് മുതിരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുളളത്.
ഇത് കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ഉപജീവനമാര്‍ഗം നിലച്ച തന്റെ സുഹൃത്തുക്കളായ ബോഡി ബില്‍ഡര്‍മാര്‍ക്ക് ഒരു വരുമാനം കൂടി നല്കാന്‍ ഉദ്ദേശിച്ചുള്ളതാണ് എന്ന് സുഗ്യൂറ റോയിട്ടേഴ്‌സിനോട് പറഞ്ഞു. വീട്ടുവാതില്‍ക്കല്‍ ചെന്ന് മുട്ടുന്ന ബില്‍ഡര്‍മാര്‍ ആദ്യം കൊണ്ടുവന്ന ഓര്‍ഡര്‍ കസ്റ്റമറുടെ കയ്യില്‍ കൊടുക്കും.
എന്നിട്ട്, തങ്ങള്‍ ഓഫര്‍ ചെയ്യുന്ന അധിക സേവനത്തെക്കുറിച്ച് അവരോട് പറയും. അവരുടെ സമ്മതത്തോടെ മേല്‍വസ്ത്രം ഊരി തങ്ങളുടെ കമനീയമായ ശരീരസൗന്ദര്യം പല പോസുകളില്‍ നിന്ന് അവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കും. ഒരു മിനി ബോഡി ഷോ തന്നെ അവിടെ നടക്കും. അവര്‍ക്ക് വേണമെങ്കില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് ഈ ഡെലിവറി മസില്‍മാന്‍മാര്‍ക്കൊപ്പം നിന്ന് സെല്‍ഫിയും എടുക്കാം.
എന്തായാലും ഈ ഒരു നീക്കത്തിന് ഏറെ ജനപ്രിയതയാണ് ജപ്പാനിലെ ഇമാസുഷിയുടെ കസ്റ്റമര്‍ ബേസില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. അവരുടെ വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവ് ഇങ്ങനെ ഒരു പുതിയ പരീക്ഷണം നടപ്പില്‍ വരുത്തിയതുതൊട്ട് ഉണ്ടായിട്ടുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post