മോസ്കോ: ലോകത്ത് ആദ്യമായി കൊവിഡ് വാക്സിൻ വിജയകരമായി പരീക്ഷിച്ച് റഷ്യ. റഷ്യയുടെ കൊവിഡ് വാക്സിനായ ‘സ്പുട്നിക് 5’ സുരക്ഷിതമെന്ന് മെഡിക്കൽ ജേണലായ ലാൻസെറ്റിലെ ലേഖനം വിശദീകരിക്കുന്നു. റഷ്യ വികസിപ്പിച്ച സ്പുട്നിക് 5 എന്ന വാക്സിൻ പരീക്ഷിച്ച മനുഷ്യരിൽ വിപരീതഫലങ്ങളൊന്നും കൂടാതെ തന്നെ ആന്റിബോഡി ഉത്പാദിപ്പിച്ചതായി ലാൻസെറ്റ് വെള്ളിയാഴ്ച പുറത്തുവിട്ട പഠനറിപ്പോർട്ടിൽ പറയുന്നു, രാജ്യാന്തര മാധ്യമങ്ങളിലുൾപ്പടെ ഈ വാർത്ത റിപ്പോർട്ട് ചെയ്തത് ലോകത്തിന് തന്നെ വലിയ പ്രതീക്ഷ പകർന്നിരിക്കുകയാണ്.
റഷ്യ വാക്സിൻ ആദ്യഘട്ടത്തിൽ 76 പേരിലായിരുന്നു പരീക്ഷിച്ചത്. ഇവരിലെല്ലാം 21 ദിവസത്തിനുള്ളിൽ ആന്റിബോഡി ഉത്പാദിക്കപ്പെട്ടു. ആർക്കും തന്നെ ശാരീരികപ്രശ്നങ്ങളോ വിപരീതഫലങ്ങളോ രൂപപ്പെട്ടിട്ടുമില്ല. കൂടാതെ വാക്സിൻ 28 ദിവസത്തിനുള്ളിൽ ടി സെൽ റെസ്പോൺസും നൽകുന്നുണ്ടെന്നും സ്ഫുട്നിക് 5 ഗവേഷകർ അറിയിക്കുന്നു.
വാക്സിൻ നൽകാനായി തെരഞ്ഞെടുത്തവരെ കഴിഞ്ഞ 42 ദിവസമായി നിരീക്ഷിച്ചുവരികയാണ്. ഈ ദിവസങ്ങളിലൊന്നും തന്നെ പാർശ്വഫലങ്ങളൊന്നും കാണിക്കാതിരുന്നത് വാക്സിൻ സുരക്ഷിതമാണെന്ന് അനുമാനിക്കുന്നതിനുള്ള സൂചനയാണെന്ന് ലാൻസെറ്റിന്റെ പ്രാഥമികതല റിപ്പോർട്ടിൽ പറയുന്നു. അതേസമയം വാക്സിന് പൂർണ്ണമായ അംഗീകാരം നൽകുന്നതിന് മുൻപ് ദീർഘകാല അടിസ്ഥാനത്തിനുള്ള പ്ലാസിബോ താരതമ്യ പഠനമടക്കം നടത്തേണ്ടതുണ്ടെതെന്നും പഠനത്തിൽ പറയുന്നു.
കഴിഞ്ഞ മാസം അംഗീകാരം ലഭിച്ച വാക്സിനാണ് റഷ്യയുടേത്. ലോകത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കൊവിഡ് വാക്സിൻ കൂടിയാണ് സ്പുടിനിക് 5. റഷ്യൻ പ്രസിഡന്റ് വഌഡിമിർ പുടിന്റെ മകളുൾപ്പടെയുള്ളവരാണ് ഈ വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ കുത്തിവെച്ചത്.
ഇതിനിടെ, അതേസമയം വളരെ ധൃതിപിടിച്ച് മനുഷ്യരിൽ കൊവിഡ് വാക്സിൻ പരീക്ഷണം നടത്തുന്നതിൽ ആശങ്ക പ്രകടപ്പിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. 2021 പകുതി വരെ കൊവിഡ് 19 ന് വാക്സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇപ്പോൾ പരീക്ഷണത്തിലുള്ള ഒരു വാക്സിനും ഫലപ്രാപ്തിയില്ലെന്നും ലോകാരോഗ്യസംഘടന വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞിരുന്നു.
എന്നാൽ നവംബർ മാസത്തോടെ വാക്സിൻ വിപണിയിലെത്തിക്കും എന്നാണ് റഷ്യ പറയുന്നത്. ഇതോടെ ലോകം തന്നെ ഏറെ പ്രതീക്ഷയോടെയാണ് റഷ്യയുടെ വാക്കുകൾ ശ്രവിക്കുന്നത്.
Discussion about this post