വെറും നാലിലയുള്ള കുഞ്ഞന്ചെടിയായ ഫിലോഡെന്‍ഡ്രോണ്‍ മിനിമ ലേലത്തില്‍ വിറ്റുപോയത് നാല് ലക്ഷം രൂപയ്ക്ക്. ന്യൂസിലാന്റില്‍ ആണ് ഈ അപൂര്‍വയിനം ചെടി വിറ്റു പോയത്. റാഫിഡൊഫോറ ടെട്രാസ്പെര്‍മ എന്ന വിഭാഗത്തില്‍ പെടുന്നതാണ് വിലേയറിയ ഈ അലങ്കാരച്ചെടി.
ഇലകളില്‍ മഞ്ഞയും പച്ചയും നിറങ്ങളുണ്ട് ഫിലോഡെന്‍ഡ്രോണ്‍ മിനിമയ്ക്ക്. ഇലകളുടെ പകുതി ഭാഗം മഞ്ഞയും പകുതി പച്ചയും നിറമുള്ള ഈ ചെടിയ്ക്ക് വേണ്ടി ന്യൂസിലാന്‍ഡിലെ പ്രമുഖ വ്യാപാര വെബ്സൈറ്റായ ‘ട്രേഡ് മീ’യില്‍ വലിയ ലേലംവിളിയാണ് നടന്നത്. അവസാനം 8,150 ന്യൂസിലാന്‍ഡ് ഡോളറിന് ചെടി വിറ്റുപോവുകയായിരുന്നു.
നാനാവര്‍ണത്തിലുള്ള ചെടികള്‍ അപൂര്‍വമാണെന്നതിനപ്പുറം വളരെ പതുക്കെയാണ് ഇവയുടെ വളര്‍ച്ച. ഇതാണ് ഈ ചെടിയെ പ്രിയങ്കരമാക്കുന്നു. പ്രകൃത്യാ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഈ ഇന്‍ഡോര്‍ പ്ലാന്റിന് ആരാധകരേറെയാണ്. ഇലകളിലെ ഹരിതകമാണ് പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്നത്. വളര്‍ച്ചയ്ക്കും ചെടിയുടെ പരിപാലനത്തിനും ആവശ്യമായ വിവിധ ഗ്ലൂക്കോസുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് ഇലകളിലെ പച്ച നിറമുള്ള ഭാഗത്താണ്.
പച്ച നിറമുള്ള തണ്ടില്‍ കാണപ്പെടുന്ന ഇലകള്‍ക്ക് വളര്‍ച്ചക്കനുസൃതമായി ചിലപ്പോള്‍ പച്ച നിറം മാത്രമായിത്തീരാനുള്ള സാധ്യതയുണ്ടെന്നും എന്നാല്‍ ഈ ചെടിയെ കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് ഇത്രയധികം വില നല്കി ചെടിയെ സ്വന്തമാക്കിയതെന്നും എന്‍സെഡ് ഗാര്‍ഡറിന്റെ എഡിറ്റര്‍ ജോ മക് കരോള്‍ പറഞ്ഞു. ചെടിയില്‍ നിന്നുണ്ടാവുന്ന പുതിയ ചെടികള്‍ വിറ്റ് വരുമാനമുണ്ടാക്കുകയായിരിക്കും വാങ്ങിയ ആളിന്റെ ലക്ഷ്യമെന്നും ജോ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഉഷ്ണമേഖലാ പ്രദേശത്ത് നിര്‍മ്മിക്കുന്ന ഉദ്യാനത്തിലേക്ക് വേണ്ടിയാണ് ചെടി കരസ്ഥമാക്കിയതെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ചെടിയുടെ പുതിയ ഉടമ വ്യക്തമാക്കി. പക്ഷികളും ചിത്രശലഭങ്ങളും നിറഞ്ഞ ഉദ്യാനത്തില്‍ ഭക്ഷണശാലയും ഉണ്ടാകും. ന്യൂസിലാന്‍ഡില്‍ ലഭ്യമായ എല്ലാ അപൂര്‍വയിനം ചെടികളും കൊണ്ട് ഉദ്യാനം അലങ്കരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post