വാഷിങ്ടണ്‍: ഭരണകൂടം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നതിനെക്കാള്‍ വളരെയധികം പേരാണ് ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറ്റേത് രാജ്യത്തിനേക്കാള്‍ കൂടുതലാണ് ചൈനയിലെ മരണസംഖ്യയെന്നും എന്നാല്‍ അവരത് സമ്മതിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
‘പതിനായിരക്കണക്കിന് പേരാണ് മരിച്ചത്. മറ്റേത് രാജ്യത്തെക്കാളും കൂടുതല്‍ മരണം ചൈനയിലുണ്ടായി. എന്നാല്‍, അവര്‍ അത് സമ്മതിക്കുന്നില്ല എന്നുമാത്രം’ – ട്രംപ് വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
അതേസമയം, തെളിവുകളൊന്നും നിരത്താതെ ആയിരുന്നു ട്രംപിന്റെ ആരോപണം. ചൈനയില്‍ കോവിഡ് ബാധിച്ച് പതിനായിരങ്ങള്‍ മരിച്ചുവെന്ന കാര്യം താങ്കള്‍ക്ക് എങ്ങനെ അറിയാമെന്ന് അഭിമുഖത്തിനിടെ മാധ്യമ പ്രവര്‍ത്തക ചോദിച്ചുവെങ്കിലും അദ്ദേഹം വിഷയം മാറ്റി.
അമേരിക്കയില്‍ ആറ് ശതമാനം പേര് മാത്രമെ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളൂ എന്ന തരത്തിലുള്ള ചില കണക്കുകളും പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എസ്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അതിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകളില്‍ ആറ് ശതമാനം മരങ്ങളുടെ കാരണം മാത്രമെ കോവിഡ് മാത്രമാണെന്ന് വ്യക്തമാക്കിയിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടിരുന്നു.
മറ്റുമരണങ്ങള്‍ കൊറോണ വൈറസ് ബാധ മൂലമല്ലെന്ന് പറയാനാകില്ല. മറ്റു മരണങ്ങളുടെ കാരണം ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ളവയാണ്. ശ്വാസകോശ രോഗങ്ങള്‍ ഗുരുതരമാക്കിയത് കൊറോണ വൈറസ് ആയിരിക്കാം. പ്രമേഹം അടക്കമുള്ളവയും വൈറസ് തീവ്രമാക്കിയിരിക്കാം എന്നും വ്യക്തമാക്കിയിരുന്നു.
ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്ക് പ്രകാരം ചൈനയില്‍ കോവിഡ് ബാധിച്ച് 4,724 പേരാണ് മരിച്ചത്. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് അമേരിക്കയിലാണ്. 1,84,644 പേരാണ് ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. അതിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ മരണസംഖ്യയാണ് ചൈനയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.
Discussion about this post