ടോക്കിയോ: ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവെച്ചു. തുടർചികിത്സ സംബന്ധിച്ച കാര്യങ്ങൾ വിദഗ്ധരുമായുള്ള ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ആബെ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച രണ്ട് തവണയാണ് അസുഖത്തെ തുടർന്ന് ആബെ ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യം മോശമായതിനെ തുടർന്ന് ആബെ രാജിവെക്കാൻ ഒരുങ്ങുകയാണെന്ന് ജപ്പാനിലെ ടെലിവിഷൻ ചാനലായ എൻഎച്ച്‌കെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ജപ്പാനിലെ പ്രധാനമന്ത്രി പദത്തിൽ ഏറ്റവും കൂടുതൽ കാലം പദവിവഹിച്ച ആളാണ് ഷിൻസോ ആബെ. 2006ൽ പ്രധാനമന്ത്രി പദത്തിലെത്തിയ അദ്ദേഹം ആരോഗ്യ കാരണങ്ങളാൽ 2007ൽ രാജിവെച്ചിരുന്നു. പിന്നീട് 2012ൽ വീണ്ടും പ്രധാനമന്ത്രിയായി. 2017ലെ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ആബെക്ക് 2021 സെപ്റ്റംബർ വരെ കാലാവധി ഉണ്ടായിരുന്നു.
Discussion about this post