ന്യൂഡൽഹി: ലോകത്ത് കൊവിഡ് ബാധിതരായവരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കനുസരിച്ച് ഇതുവരെ 2.46 കോടി പേർക്ക് കൊവിഡ് ബാധിച്ചു. രോഗം ബാധിച്ച് 8.35 ലക്ഷം ആളുകൾ മരിക്കുകയും ചെയ്തു. 60 ലക്ഷം കൊവിഡ് രോഗികൾ പിന്നിട്ട അമേരിക്കയിലാണ് ഇപ്പോഴും രോഗവ്യാപനം രൂക്ഷം. പിന്നാലെ 37 ലക്ഷം രോഗികളുമായി ബ്രസീലും 34 ലക്ഷം രോഗികളുമായി ഇന്ത്യയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഉള്ളത്.
ഇന്ത്യയിലെ സ്ഥിതി ആശങ്കയുയർത്തിയിരിക്കുകയാണ്. നിലവിൽ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിനാലു ലക്ഷത്തിലേക്കടുത്തിട്ടുണ്ട്. പ്രതിദിന വർധന ഇന്നലെയും അരലക്ഷത്തിന് മുകളിലെന്നാണ് സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
മഹാരാഷ്ട്രയിലും ആന്ധ്രയിലും ഉയർന്ന പ്രതിദിന വർധന തുടരുകയാണ്. മഹാരാഷ്ട്ര 14,718 , ആന്ധ്രാപ്രദേശ് 10621, തമിഴ്‌നാട് 5870, കർണാടക 9386, പശ്ചിമ ബംഗാൾ 2997, എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനങ്ങളിലെ പ്രതിദിന വർധന.
പഞ്ചാബിൽ ഇന്ന് ഏകദിന നിയമസഭാ സമ്മേളനം നടക്കാനിരിെക്ക ഇന്നലെ ആറ് എംഎൽഎമാർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരായ എംഎൽഎമാരുടെ എണ്ണം 29 ആയി. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളവർ സഭാ സമ്മേളനത്തിൽ നിന്ന് വിട്ടു നിൽക്കണമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് അഭ്യർഥിച്ചിരുന്നു. ഇന്നലെ 1746 പേരാണ് പഞ്ചാബിൽ രോഗബാധിതർ ആയത്. ഡൽഹിയിലും രോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്നലെ 1840 പേർ രോഗബാധിതരായി. കേരളത്തിൽ ഇന്നലെ 2406 പുതിയ കൊവിഡ് രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Discussion about this post