ന്യൂയോർക്ക്: യുഎസിലും ഷോർട്ട് വീഡിയോ ആപ്പായ ടിക് ടോക്ക് അടച്ചുപൂട്ടാൻ നീക്കം നടക്കുന്നതിനിടെ കമ്പനി സിഇഒ കെവിൻ മേയർ രാജിവെച്ചു. അമേരിക്കയിൽ 90 ദിവസത്തിനകം ടിക് ടോക്ക് അടച്ചുപൂട്ടണമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ചിരിക്കുന്നത്. ഇതിനുപിന്നാലെയാണ് രാജി. ടിക് ടോക്ക് രാജ്യസുരക്ഷക്ക് ഭീഷണിയാകുന്നുവെന്ന് ആരോപിച്ചാണ് യുഎസിൽ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടത്.
3 മാസത്തിനകെ ടിക് ടോക്കിനെ യുഎസ് കമ്പനി ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. കെവിൻ മേയറുടെ രാജിയെ തുടർന്ന് ജനറൽ മാനേജർ വനേസ പപ്പാസ് സിഇഒ സ്ഥാനം താൽക്കാലികമായി ഏറ്റെടുത്തു. ടിക് ടോക്ക് മാതൃസ്ഥാപനമായ ചൈനയുമായി ബന്ധമുള്ള ബൈറ്റ്ഡാൻസിൽ നിന്ന് രാജിവെക്കുന്നതായി മേയർ ജീവനക്കാരെ കത്തിലൂടെ അറിയിച്ചെന്ന് ഫിനാൻഷ്യൽ ടൈംസ് അറിയിച്ചു. 2020 മേയിലാണ് മേയർ സിഇഒ ആയി ചാർജെടുത്തത്.
ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ രീതിയിൽ ജനപ്രീതി നേടിയ ടിക് ടോക്കിന് രാഷ്ട്രീയ തീരുമാനങ്ങളെ തുടർന്ന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ചൈനയുമായുള്ള അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യയാണ് ആദ്യമായി ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയത്.