വെല്ലിങ്ടൺ: ലോകത്തെ തന്നെ ഞെട്ടിച്ച ന്യൂസിലാൻഡ് മുസ്ലിം പള്ളി ആക്രമണക്കേസിൽ നാല് ദിവസം നീണ്ട വിചാരണയ്‌ക്കൊടുവിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. 51 പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രെന്റൺ ടറന്റിന് കോടതി ആജീവനാന്ത ജീവപര്യന്തം ശിക്ഷ വിധിച്ചു. ശിക്ഷാകാലയളവിൽ പരോളിനു പോലും പ്രതി അർഹനല്ലെന്ന് കോടതി വിധിച്ചു. ന്യൂസിലന്റിൽ ഇതുവരെ ഇത്തരമൊരു ശിക്ഷ വിധിച്ചിട്ടില്ല. മനുഷ്യരഹിതം എന്നാണ് വിധി പ്രഖ്യാപിച്ച ജഡ്ജി കാമറൂൺ മാന്റർ ടറന്റിന്റെ പ്രവർത്തിയെ വിശേഷിപ്പിച്ചത്. രാജ്യത്തെ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ഭയം വളർത്താൻ ആയിരുന്നു പ്രതി ബ്രെന്റണിന്റെ ഉദ്ദേശം. വിചാരണയിൽ ബ്രെന്റൺ കോടതി മുറിയിൽ നിശബ്ദനായി നിൽക്കുകയായിരുന്നു.
‘ഇത്തരം നീചമായ കൃത്യങ്ങളെ പ്രതിരോധിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെയാണ് ചരിത്രത്തിൽ തന്നെ അപൂർവ്വമായ ശിക്ഷ പ്രതിക്ക് വിധിക്കുന്നത്. വലതുപക്ഷ തീവ്രവാദത്തിന്റെ വിത്തുകൾ രാജ്യത്ത് വ്യാപിപ്പിക്കാനാണ് ടറന്റ് ശ്രമിച്ചത്. എന്നാൽ അതിൽ അയാൾ പരാജയപ്പെട്ടു. എന്നാൽ ടറന്റിന്റെ ആക്രമണത്തിൽ രാജ്യത്തെ മുസ്ലിം സമൂഹത്തിന് വലിയ വില നൽകേണ്ടി വന്നു’-അദ്ദേഹം പറഞ്ഞു.
അതിക്രൂരവും നിഷ്ടൂരവുമായിരുന്നു നിങ്ങളുടെ പ്രവൃത്തി. മനുഷ്യത്വ രഹിതമായ ആക്രമണമായിരുന്നു നിങ്ങളുടേത് മാന്റർ വ്യക്തമാക്കി. വിധി കേൾക്കാനായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കോടതി പരിസരത്ത് എത്തിയിരുന്നത്. ആക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കൾ കോടതിയിൽ വികാരധീനരായി സംസാരിക്കുകയും ചെയ്തിരുന്നു.