വാഷിങ്ടണ്‍: ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച അതിരാവിലെയോ ലോറ ചുഴലിക്കാറ്റ് ടെക്സാസ് തീരം തൊടുമെന്ന കാലാവസ്ഥാപ്രവചനത്തെ തുടര്‍ന്ന് അമേരിക്കയുടെ തെക്കന്‍ സമുദ്രതീരപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു തുടങ്ങി. അഞ്ച് ലക്ഷത്തോളം ആളുകളോടാണ് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊവിഡ് മഹാമാരിയ്ക്കിടയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ കൂടിയാണിത്.
ബ്യൂമോണ്ട്, ഗാല്‍വസ്റ്റണ്‍, പോര്‍ട്ട് ആര്‍തര്‍ എന്നീ ടെക്സാസ് നഗരങ്ങളില്‍ നിന്ന് 385,000 പേരോടാണ് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പതിമൂന്ന് അടിയോളം ഉയരത്തില്‍ തിരകള്‍ ആഞ്ഞടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ലൂസിയാനയിലെ താഴ്ന്ന തീരപ്രദേശങ്ങളില്‍ നിന്ന് രണ്ട് ലക്ഷത്തോളം പോരോടാണ് ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കര തൊടുന്നതിന് മുമ്പ് 115 മൈല്‍ അതാതയ് മണിക്കൂര്‍ 185 കിമീ വേഗത്തില്‍ കാറ്റഗറി 3 ചുഴലിക്കാറ്റായി ലോറ മാറിയേക്കുമെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ മുന്നറിയിപ്പ്. അതേസമയം കാറ്റിന്റെ പാത മാറുന്നതിന് അനുസരിച്ച് ഭീഷണി കുറയാനിടയുണ്ടെന്നുമാണ് കാലാവസ്ഥാവിദഗ്ധര്‍ പറയുന്നത്. ബഹിരാകാശ പരീക്ഷണശാലയിലുള്ള നാസയുടെ ബഹിരാകാശയാത്രികന്‍ ക്രിസ് കാസ്സിഡി ലോറ ചുഴലിക്കാറ്റിന്റെ സഞ്ചാരചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
അതേസമയം ലോറ ചുഴലിക്കാറ്റിന്റെ ഗതി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വ്യത്യാസപ്പെടുകയാണെങ്കില്‍ കൂടുകല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെ മുന്‍മേധാവി ക്രെയ്ഗ് ഫ്യൂഗേറ്റ് പറഞ്ഞത്. തെക്കു പടിഞ്ഞാറന്‍ ലൂസിയാനയില്‍ വന്‍ നാശനഷ്ടമുണ്ടാക്കി പതിനഞ്ച് വര്‍ഷം മുമ്പ് വീശിയടിച്ച റീത്ത ചുഴലിക്കാറ്റിന് സമാനമായ രീതിയിലാണ് ലോറ രൂപപ്പെടുന്നതെന്നാണ് ലൂസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡ് പറഞ്ഞത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളോട് ബന്ധുക്കളുടെ വീടുകളിലോ ഹോട്ടല്‍ മുറികളിലോ താത്ക്കാലികാഭയം തേടണമെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
Hurricane Laura pic.twitter.com/zVd2HracH7
— Chris Cassidy (@Astro_SEAL) August 25, 2020
Discussion about this post