ഞങ്ങള്‍ ജൂലൈ മുതല്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നു; വെളിപ്പെടുത്തലുമായി വൈറസിന്റെ ഉറവിട രാജ്യമായ ചൈന

ബെയ്ജിങ്: ഇന്ന് ലോകത്തെ ഒന്നടങ്കം ഭീതിയിലാക്കിയ കോവിഡിന്റെ ഉത്ഭവം ചൈനയിലാണ്. കോവിഡ് വാക്‌സിനായി ലോകം ഒന്നടങ്കം കാത്തിരിക്കുമ്പോള്‍ വൈറസ് പ്രതിരോധത്തിനായി തങ്ങള്‍ ജൂലൈ മുതല്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതായി ചൈന വെളിപ്പെടുത്തി.

ജൂലൈ 22നാണ് വാക്‌സിന് അനുമതി നല്‍കിയത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലും സൈനികരിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതെന്ന് ചൈനീസ് നാഷനല്‍ ഹെല്‍ത്ത് കമ്മിഷന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വികസന കേന്ദ്രം ഡയറക്ടര്‍ ഷെങ് സോങ്വേ പറഞ്ഞു.

ചൈനീസ് സ്റ്റേറ്റ് മീഡിയ ബ്രോഡ്കാസ്റ്ററിന്റെ ‘ഡയലോഗ്’ എന്ന പരിപാടിയിലായിരുന്നു നിര്‍ണായക വെളിപ്പെടുത്തല്‍. സിനോഫാര്‍മിന്റെ ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് കമ്പനിയാണ് (സിഎന്‍ബിജി) വാക്‌സിന്‍ വികസിപ്പിച്ചത്. യുഎഇ, പെറു, മൊറോക്കോ, അര്‍ജന്റീന എന്നിവിടങ്ങളിലായിരുന്നു വാക്‌സീന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍.

നിലവില്‍ മുന്‍നിര മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ക്ലിനിക്കുകളിലെ മെഡിക്കല്‍ ജീവനക്കാര്‍, കസ്റ്റംസ്, അതിര്‍ത്തി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയെന്ന് ഷെങ് സോങ്വേ വ്യക്തമാക്കി.ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗവ്യാപനം തടയാന്‍ സാധിച്ചാല്‍ കര്‍ഷകര്‍ ഉള്‍പ്പെടെ മറ്റു മേഖലയിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ അടിയന്തരാവസ്ഥ ഉണ്ടാകുമ്പോള്‍ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ വാക്‌സീന്റെ അടിയന്തര ഉപയോഗത്തിനായി അപേക്ഷ സമര്‍പ്പിക്കുകയും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇതിന്റെ അംഗീകാരത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്യും. ചൈനയിലെ വാക്‌സീന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 20ല്‍ ഇതു സംബന്ധിച്ച വ്യക്തമായ വ്യവസ്ഥകളുണ്ടെന്ന് ഷെങ് സോങ്വേ പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ ചൈന അനുമതി നല്‍കുന്നത് ഇതാദ്യമല്ല. സൈനികരില്‍ മാത്രം ഉപയോഗിക്കുന്നതിന് ജൂണില്‍ മറ്റൊരു വാക്‌സീനും അനുമതി നല്‍കിയിരുന്നു. സര്‍ക്കാരിന്റെ കീഴിലുള്ള അക്കാഡമി ഓഫ് മിലിട്ടറി സയന്‍സിനു കീഴിലുള്ള ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയും കാന്‍സിനോ ബയോളജിക്‌സും ചേര്‍ന്നാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചത്.

Exit mobile version