ബ്രസീലിയ: അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പദ്ധതിയുമായി ഭാര്യയുടെ ബന്ധങ്ങളേപ്പറ്റി ചോദ്യം ചോദിച്ചതില്‍ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബോല്‍സൊനാരോ. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ മുഖം ഇടിച്ചുതകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തലസ്ഥാനമായ ബ്രസീലിയയിലെ മെട്രോപൊളീറ്റന്‍ കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തിയ സമയത്താണ് ബോല്‍സൊനാരോയുടെ ഭീഷണി. സംഭവത്തില്‍ മറ്റ് മാധ്യമപ്രവര്‍ത്തകരും പ്രതിഷേധിച്ചെങ്കിലും അവര്‍ക്കാര്‍ക്കും മറുപടി നല്‍കുക പോലും നല്‍കാതെ അദ്ദേഹം കടന്നുപോവുകയും ചെയ്തു.
ബ്രസീലിയന്‍ മാധ്യമമായ ഒ ഗ്ലോബോയുടെ റിപ്പോര്‍ട്ടറോടാണ് പ്രസിഡന്റ് ജെയ്ര് ബോല്‍സൊനാരോ ആക്രോശിച്ചത്. ബ്രസീലിലെ പ്രമുഖ മാസികയായ ക്രൂസോയില്‍ വന്ന റിപ്പോര്‍ട്ടിനേപ്പറ്റിയാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ബോല്‍സൊനാരോയുടെ ഭാര്യ മിഷേല്‍, മുന്‍ പോലീസ് ഉദ്യോഗസ്ഥനും പ്രസിഡന്റിന്റെ സുഹൃത്തും പ്രസിഡന്റിന്റെ മകന്‍ ഫ്‌ളെവിയോയുടെ മുന്‍ ഉപദേശകനുമായിരുന്ന ഫാബ്രിയോ ക്വിറോസുമായി ബന്ധിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടിനെക്കുറിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചത്.