ഒർലാൻഡോ: രണ്ടു വയസുകാരി മാസ്‌ക് ധരിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് അമ്മയേയും കുട്ടികളേയും വിമാനത്തിൽനിന്ന് ഇറക്കി വിട്ട് വിമാനക്കമ്പനി. ന്യൂവാർക്കിൽനിന്നും ഒർലാൻഡോയിലേക്ക് പുറപ്പെട്ട ജെറ്റ് ബ്ല്യൂ വിമാനത്തിലാണ് അമ്മയ്ക്കും കുട്ടികൾക്കും ഈ ദുരനുഭവം ഉണ്ടായതെന്നാണ് റിപ്പോർട്ട്.
ഓഗസ്റ്റ് 19 നായിരുന്നു സംഭവം. അമ്മയും അഞ്ചു കുട്ടികളും മാസ്‌ക് ധരിച്ചിരുന്നുവെങ്കിലും ഇളയകുട്ടിയായ രണ്ടു വയസുകാരി മാസ്‌ക് ധരിച്ചിരുന്നില്ല. ഇതാണ് ഫ്‌ളൈറ്റ് അറ്റന്റിനെ പ്രകോപിപ്പിച്ചത്. കുട്ടിക്ക് മാസ്‌ക് ഉണ്ടെന്നും എന്നാൽ കുട്ടി അത് ധരിക്കാൻ കൂട്ടാക്കുന്നില്ലെന്നു പറഞ്ഞുവെങ്കിലും വിമാനാധികൃതർ അത് ചെവിക്കൊണ്ടില്ലെന്ന് കുട്ടിയുടെ അമ്മ പറയുന്നു.
രണ്ടു വയസും അതിനുമുകളിലുള്ളവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിബന്ധന ജെറ്റ് ബ്ലൂ അധികൃതർ നടപ്പാക്കി വരികയാണ്. വിമാന ജോലിക്കാരുമായി കുട്ടിയുടെ അമ്മ സംസാരിക്കുന്നതുകേട്ട് മറ്റു യാത്രക്കാരും ഇവരുടെ സഹായത്തിനെയെങ്കിലും വിമാനത്തിൻറെ പൈലറ്റ് ഉൾപ്പെടെയുള്ളവർ ഇവരെ യാത്ര തുടരുവാൻ അനുവദിച്ചില്ല. രണ്ടു വയസുകാരിയെ മാസ്‌ക് ധരിപ്പിക്കാതെ യാത്ര ചെയ്യാൻ അനുവദിക്കുകയില്ലെന്ന് നിർബന്ധം പിടിച്ചതോടെ അമ്മയും മറ്റു കുട്ടികളും യാത്ര അവസാനിപ്പിക്കുകയായിരുന്നു.
ഇത്തരത്തിലുള്ള അനുഭവം ഒരാൾക്കും ഉണ്ടാകരുതെന്ന് ഈ മാതാവും, യാത്രക്കാരുടേയും വിമാന ജോലിക്കാരുടേയും സുരക്ഷ ഉറപ്പാക്കേണ്ടതു തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് വിമാന കമ്പനി അധികൃതരും വാദിക്കുന്നു.
Discussion about this post