ബീജിങ്: ചൈനയിലെ ത്രീ ഗോര്‍ഗ് അണക്കെട്ട് അപകട ഭീഷണിയില്‍. കനത്ത മഴ കാരണം അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തെത്തിയിരിക്കുകയാണ്. ജലനിരപ്പ് ഡാമിന്റെ ശേഷിയിലും അധികമായി ഉയര്‍ന്നാല്‍ വന്‍ ദുരന്തമായിരിക്കും ചൈനയെ കാത്തിരിക്കുന്നത്.
175 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. എന്നാല്‍ ഇപ്പോള്‍ തന്നെ ഡാമിലെ ജലനിരപ്പ് 165.5 മീറ്റര്‍ എത്തിയിട്ടുണ്ട്. എതാനും തുടരുന്ന കനത്തമഴയാണ് ഡാമിലെ ജലനിരപ്പുയരാന്‍ കാരണമായത്. സെക്കന്റില്‍ ഏഴരക്കോടി ലിറ്റര്‍ എന്ന അപകടകരമായ അവസ്ഥയിലാണ് അണക്കെട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്.
ചൈനയില്‍ യാങ്‌സി നദിക്ക് കുറുകെ പണിതിട്ടുള്ള അണക്കെട്ടാണ് ‘ത്രീ ഗോര്‍ഗ് അണക്കെട്ട്’. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും ഈ അണക്കെട്ടിലാണ്. ജലനിരപ്പുയര്‍ന്നതോടെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ് ഇപ്പോള്‍ അണക്കെട്ടുള്ളത്.
പതിനൊന്ന് ഷട്ടറുകളും തുറന്ന് സെക്കന്റില്‍ അഞ്ച് കോടി ലിറ്റര്‍ വെള്ളം വീതം തുറന്നു വിടുന്നുണ്ട്. എന്നാല്‍ അപകടാവസ്ഥ കുറയ്ക്കാന്‍ ഇതൊന്നും മതിയാകില്ല. വരും ദിവസങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത മഴ പ്രവചിക്കുന്നുണ്ട്. കമ്മീഷന്‍ ചെയ്തതിനു ശേഷം ഇന്നുവരെ വെള്ളം തുറന്നു വിടേണ്ടി വന്ന ചരിത്രം ഉണ്ടായിട്ടില്ല.
അണക്കെട്ടിലെ ജലനിരപ്പുയരുന്നതോടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് ഇപ്പോള്‍ അപകട ഭീഷണിയിലായത്. പതിനായിരക്കണക്കിന് വീടുകള്‍ ഒലിച്ചു പോകാം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാകാം. കോവിഡ് മഹാമാരിയില്‍ നിന്ന് കരകയറാന്‍ കഷ്ടപ്പെടുന്ന ചൈനയുടെ തലയ്ക്ക് മുകളില്‍ തൂങ്ങി നില്‍ക്കുന്ന മറ്റൊരു ദുരന്തസാധ്യതയാവുകയാണ് അവരുടെ അഭിമാനമായ ത്രീ ഗോര്‍ഗ്.
Discussion about this post