വാഷിങ്ടണ്‍: പ്രണയത്തിന് കോവിഡ് ഒരു തടസ്സമായില്ല, വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയില്‍ വെച്ച് വിവാഹിതനായി. യുഎസിലെ ടെക്സസ് സ്വദേശിയായ കാര്‍ലോസ് മുനിസ് ആണ് ആശുപത്രി കിടക്കയില്‍ വെച്ച് തന്റെ കാമുകി ഗ്രേസിനെ വിവാഹം ചെയ്തത്.
ഓഗസ്റ്റ് 11നായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്. പള്ളിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാര്‍ലോസിനെ കോവിഡ് പിടികൂടി.
തുടര്‍ന്ന് സാന്‍ അന്റോണിയോ മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് സ്ഥിതി ഗുരുതരമാവുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. പതിയെ കാര്‍ലോസിന്റെ നിലയില്‍ പുരോഗതിയുണ്ടായി. കാര്‍ലോസിന്റെ വിവാഹം നിശ്ചയിച്ചിരുന്നു എന്നു മനസ്സിലാക്കി ഒരു നഴ്സ് ആണ് ആശുപത്രിയിലെ വിവാഹം എന്ന ആശയം മുന്നോട്ടുവച്ചത്.
രോഗിക്കും കുടുംബത്തിനും കൂടുതല്‍ ധൈര്യം പകരാന്‍ അത് സഹായിക്കുമെന്ന കണക്കുകൂട്ടലില്‍ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും അനുമതി നല്‍കിയതോടെ ഇവരുടെ പ്രണയസാഫല്യത്തിന് വഴിതെളിഞ്ഞു. തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ആശുപത്രിയില്‍ സൗകര്യമൊരുക്കി. കാര്‍ലോസിന്റെ അച്ഛനാണ് വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്. വിവാഹ വസ്ത്രങ്ങളണിഞ്ഞ് വാഗ്ദാനം നല്കി ഇരുവരും ഒന്നായി.
Discussion about this post