മോസ്കോ: കൊവിഡ് മഹാമാരിക്ക് എതിരെ ലോകത്തെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചു എന്ന അവകാശവാദവുമായി എത്തിയ റഷ്യ ഇന്ത്യയെ വാക്സിൻ നിർമ്മാണത്തിൽ പങ്കാളിയാകാൻ ക്ഷണിച്ചു. റഷ്യയുടെ ‘സ്പുട്നിക് 5’ ന്റെ നിർമ്മാണത്തിൽ ഇന്ത്യയുടെ പങ്കാളിത്തം വേണമെന്നാണ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഎഫ്) ചീഫ് എക്സിക്യൂട്ടീവ് കിറിൽ ദിമിത്രീവ് ഓൺലൈൻ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അഭ്യർത്ഥിച്ചത്. കൊവിഡ് വാക്സിൻ നിർമ്മാണം വളരെ പ്രധാനപ്പെട്ട പ്രശ്നമാണെന്നും സ്പുട്നിക് 5 വൻതോതിൽ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ദിമിത്രീവ് പറഞ്ഞു.
അതേസമയം, വാക്സിൻ നിർമ്മിക്കാൻ സഹകരണം വാഗ്ദാനം ചെയ്ത് നിരവധി രാജ്യങ്ങൾ മുന്നോട്ടു വരുന്നുണ്ടെങ്കിലും ഇന്ത്യയുമായി സഹകരിക്കാനാണ് താത്പര്യമെന്നും കിറിൽ ദിമിത്രീവ് വ്യക്തമാക്കി. മോസ്കോ ഗമാലിയ ഗവേഷണ സർവകലാശാലയും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് ‘സ്പുട്നിക് 5’ വികസിപ്പിച്ചത്. മുമ്പ് റഷ്യയുടെ കൊവിഡ് വാക്സിൻ നിർമ്മാണത്തിൽ ഇന്ത്യയും താത്പര്യം പ്രകടിപ്പിച്ചിരുന്നു. റഷ്യക്ക് പുറമേ, യുഎഇയിലും സൗദി അറേബ്യയിലും ബ്രസീലിലും ഇന്ത്യയിലും വാക്സീൻ പരീക്ഷണം നടത്തുമെന്നും ഇന്ത്യയിൽ വാക്സിൻ നിർമിക്കുന്നതിനു മുന്നോടിയായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായും ദിമിത്രീവ് പറഞ്ഞു.
‘ഇന്ത്യയുമായും ഇന്ത്യയിലെ ശാസ്ത്രഞ്ജരുമായും നിർമ്മാണ കമ്പനികളുമായും റഷ്യയ്ക്ക് സഹകരണമുണ്ട്. അവർ ഞങ്ങളുടെ സാങ്കേതിക വിദ്യ പെട്ടെന്നു മനസിലാക്കുന്നു’- അഭിമുഖത്തിൽ ദിമിത്രീവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
Discussion about this post