വാഷിങ്ടൺ ഡിസി: അമേരിക്കയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമല ഹാരിസിനെ(55) പ്രഖ്യാപിച്ചു. ട്രംപിന്റെ വൈസ് പ്രസിഡന്റ് കൂടിയായ മൈക്ക് പെൻസിനെതിരേയാണ് കമല മത്സരിക്കുക. അമേരിക്കയുടെ മൂല്യങ്ങൾ സംരക്ഷിക്കുമെന്നും ദയയും സ്നേഹവും മനുഷ്യത്വവുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും കമല ഹാരിസ് പറഞ്ഞു. അമേരിക്ക തൊഴിൽ നഷ്ടത്തിന്റെയും ജീവനഷ്ടത്തിന്റെയും രാജ്യമായി മാറിയെന്നും കമല ചൂണ്ടിക്കാണിച്ചു. കാലിഫോർണിയയിൽനിന്നുള്ള സെനറ്റർ ആണ് കമല. ധീരയായ പോരാളി എന്നാണു ജോ ബൈഡൻ കമലയെ വിശേഷിപ്പിച്ചത്.
അതേസമയം, യുഎസ് ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഏഷ്യൻ-ആഫ്രിക്കൻ പാരമ്പര്യമുള്ള ഒരു വനിത വൈസ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്നത്. ആഫ്രിക്കൻ വംശജർക്കെതിരെ അമേരിക്കയിൽ അതിക്രമങ്ങൾ വർധിച്ചുവരുന്ന ഇക്കാലത്ത് കമലയുടെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് പാർട്ടിക്ക് ഗുണകരമാകുമെന്നാണു വിലയിരുത്തൽ. ചെന്നൈ സ്വദേശിനിയായ ഡോ. ശ്യാമള ഗോപാലൻ ആണു കമലയുടെ അമ്മ. പിതാവ് ജമൈക്കയിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയ ഡൊണാൾഡ് ഹാരിസ്.
Discussion about this post