ബെയ്ജിങ്: കൊറോണ വൈറസിനെ ഭയന്ന് ലോകം തന്നെ മാസ്‌കും സാമൂഹിക അകലവും നിർബന്ധമായും പിന്തുടരുകയാണ്, പലയിടത്തും ആഘോഷങ്ങൾ പൂർണ്ണമായും നിലച്ചിരിക്കുന്നു. അതേസമയം, കൊവിഡ് വ്യാപനത്തെ തുടർന്ന് ലോകത്ത് ആദ്യം നിശ്ചലമായ ചൈനയിലെ വുഹാൻ നഗരം ഇപ്പോൾ ആഘോഷത്തിന്റെ പിടിയിലാണ്. ആഴ്ചാവസാനത്തിലെ അവധി ആഘോഷിക്കാൻ ആയിരക്കണക്കിന് ആളുകളാണ് വുഹാനിലെ ഒരു വാട്ടർപാർക്കിൽ ഒത്തുചേർന്നതെന്നാണ് പുതിയ വിവരം.
വുഹാനിലെ പ്രശസ്തമായ മായ ബീച്ച് വാട്ടർപാർക്കിലാണ് കൊവിഡിനെ ഒന്നും ഭയക്കാതെ ജനങ്ങൾ ഒത്തുചേർന്നത്. 76 ദിവസം നീണ്ടുനിന്ന ലോക്ക്ഡൗണിന് ശേഷം കഴിഞ്ഞ ജൂണിലാണ് വുഹാൻ പൂർണ്ണമായും തുറന്നുകൊടുത്തത്. ഇതിനു പിന്നാലെ ഈയടുത്താണ് പുതിയ കൊവിഡ് കേസുകൾ നന്നേ കുറഞ്ഞതോടെ പാർക്ക് തുറന്നത്. ഇതിൽ ഉൾക്കൊള്ളാവുന്നതിൽ പാതിയോളം ആളുകൾ പാർക്കിൽ ആഘോഷങ്ങൾക്കായി എത്തിച്ചേർന്നിരുന്നുവെന്നാണ് റിപ്പോർട്ട്.
സ്ത്രീകൾക്ക് നിരക്കിൽ ഡിസ്‌കൗണ്ടും നൽകിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളത്തിൽ നീന്തിക്കളിക്കുന്ന ആളുകളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post