ക്വാലാലംപുർ: നിലവിലെ വൈറസിന്റെ പത്ത് മടങ്ങ് കരുത്തുള്ളതും അപകടകാരിയുമായ കൊറോണ വൈറസിനെ മലേഷ്യയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് മലേഷ്യയിലെത്തിയ ഒരാളിലൂടെ കൊവിഡ് പടർന്നുകിട്ടിയ സംഘത്തിൽ നിന്നാണ് പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. നിലവിലുള്ള കൊറോണ വൈറസിനേക്കാൾ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന വൈറസിന് പത്തിരട്ടി വേഗത്തിൽ മറ്റൊരാളിലേക്ക് പടരാൻ സാധിക്കുമെന്നതാണ് ഇതിനെ അപകടകാരിയായി കണക്കാക്കാൻ കാരണം.
മലേഷ്യയിൽ ആരോഗ്യവകുപ്പ് മേധാവിയായ നൂർ ഹിഷാം അബ്ദുള്ള നേരിട്ട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 45 കേസുകളിൽ മൂന്ന് കേസുകളിലാണ് പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
നേരത്തേ ചില രാജ്യങ്ങളിൽ ‘D614G’ എന്ന പേരിലുള്ള പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നു. ഇതേ ഗണത്തിൽപെടുന്ന വൈറസിനെ തന്നെയാണ് കഴിഞ്ഞ ദിവസം മലേഷ്യയിലും കണ്ടെത്തിയിരിക്കുന്നത് എന്നാണ് വിവരം. ഫിലിപ്പീൻസിൽ നിന്ന് വന്ന ഒരാളിൽ നിന്ന് രോഗം പകർന്നുകിട്ടിയ സംഘത്തിലും പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
Discussion about this post