മോസ്‌കോ: കൊവിഡിന് എതിരെ വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തുന്നതിനായി വാക്‌സിൻ രജിസ്‌ട്രേഷനുള്ള നടപടികളുമായി റഷ്യ മുന്നോട്ടു പോകുന്നതിനിടെ ആരോഗ്യ മന്ത്രാലയത്തിന്റെ എത്തിക്‌സ് കൗൺസിലിൽനിന്ന് മുതിർന്ന ഡോക്ടർ രാജിവച്ചു. പ്രൊഫസർ അലക്‌സാണ്ടർ ചച്ചോലിനാണ് രാജിവച്ചതെന്ന് മെയിൽ ഓൺലൈൻ റിപ്പോർട്ടുചെയ്തു.
സുരക്ഷ മുൻനിർത്തി വാക്‌സിന്റെ രജിസ്‌ട്രേഷൻ നടപടികൾ ഈ ഘട്ടത്തിൽ തടയണമെന്നാണ് അദ്ദേഹം വാദിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായതായി റഷ്യൻ പ്രസിഡന്റ് പുടിൻ ചൊവ്വാഴ്ചയാണ് ലോകത്തെ അറിയിച്ചത്.
അതേസമയം, സ്പുട്‌നിക് വി വാക്‌സിനെതിരെ റഷ്യയിൽനിന്നുതന്നെ വിമർശം ഉയർന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മുതിർന്ന ഡോക്ടറുടെ രാജിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. എത്തിക്‌സ് കൗൺസിലിൽനിന്ന് രാജിവെക്കാനുള്ള കാരണം ചച്ച്‌ലിൻ വ്യക്തമാക്കിയിട്ടില്ലെന്നാണ് മെയിൽ ഓൺലൈന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വാക്‌സിന്റെ സുരക്ഷയെ ചൊല്ലിയുള്ള ആശങ്കയാണ് ഡോക്ടറുടെ രാജിക്ക് പിന്നിലെന്നാണ് വിമർശനം ഉയരുന്നത്.