ജനീവ: ചൈന ഇറക്കുമതി ചെയ്ത ഭക്ഷണ സാധനങ്ങളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഭീതി വേണ്ട എന്ന് അറിയിക്കുകയാണ് ലോകാരോഗ്യ സംഘടന. ശീതീകരിച്ച ആഹാര സാധനങ്ങളിലൂടെ കൊറോണ വൈറസ് പടരില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
ജനങ്ങള്‍ ആഹാരത്തെയോ ശീതീകരിച്ച ഭക്ഷണ സാധനങ്ങളെയോ പേടിക്കേണ്ട കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തരവിഭാഗം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്ത പ്രസ്താവനയിലൂടെയും ഇക്കാര്യം അറിയിച്ചു.
ബ്രസീലില്‍ നിന്ന് ഷെന്‍സെന്നിലേക്ക് എത്തിച്ച ശീതീകരിച്ച ചിക്കന്‍ വിങ്‌സിന്റെ ഉപരിതലത്തിലും ഇക്വഡോറിയന്‍ ചെമ്മീനിന്റെ പാക്കറ്റിന്റെ പുറത്തുനിന്നും ശേഖരിച്ച സാംപിളുകളിലുമാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന് ഇടയില്‍ ഭക്ഷണത്തില്‍ നിന്നും വൈറസ് സാന്നിധ്യം കണ്ടെത്തി എന്ന വാര്‍ത്ത ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് അറിയിക്കുകയാണ്് ലോകാരോഗ്യ സംഘടന.