ദില്ലി: ഐഎസ്ആര്‍ഒ വികസിപ്പിച്ച വാര്‍ത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11. ഫ്രാന്‍സിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് ജീസാറ്റ് 11 നെ ഭ്രമണപഥത്തിലെത്തിച്ചത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച മികച്ച ട്രാക്ക് റെക്കോര്‍ഡാണ് ഏരിയന്‍ 5 റോക്കറ്റിനുള്ളത്. ഫ്രഞ്ച് ഗയാനയിലെ കൌറു വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു വിക്ഷേപണം.
ആശയവിനിമയ രംഗത്ത് ഇന്ത്യയ്ക്ക് ഇപ്പോഴത്തേനേക്കാള്‍ ഇരട്ടിവേഗം നേടാന്‍ ഈ ഉപഗ്രഹം വഴി സാധിക്കും. ഗ്രാമീണമേഖലക്കുള്ള ഇന്റര്‍നെറ്റ് വേഗത കൂട്ടുകയാണ് ജിസാറ്റ് 11ന്റെ പ്രാഥമിക ലക്ഷ്യം. 5845 കിലോഗ്രാമാണ് ജിസാറ്റ് 11ന്റെ ഭാരം. ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ മെച്ചപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ആശയവിനിമയ രംഗത്ത് ഇന്ത്യ ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടി ശക്തിയില്‍ പ്രവര്‍ത്തിക്കാന്‍ ജിസാറ്റ് 11 വഴി സാധ്യമാകും.
15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. 1200 കോടി രൂപയാണ് ഉപഗ്രഹത്തിന്റെ ചെലവ്. റേഡിയോ സിഗ്‌നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്‌പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ടാകും. ഈ ശ്രേണിയില്‍ ഉള്‍പ്പെട്ട ജിസാറ്റ് 19, ജിസാറ്റ് 29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തെ വിക്ഷേപിച്ചിരുന്നു. ജിസാറ്റ് 20 അടുത്ത വര്‍ഷം വിക്ഷേപിക്കും. ഇന്ത്യന്‍ ഉപഗ്രഹത്തിനൊപ്പം ദക്ഷിണ കൊറിയയുടെ ഉപഗ്രഹവും ഏരിയന്‍ ഭ്രമണപഥത്തിലെത്തിച്ചു.